...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Tuesday, July 17, 2007

മാതൃഭൂമി യുണീക്കോഡിലേയ്ക്ക്‌; ഫീഡോടുകൂടെ

ഇന്നെന്റെ ഒരു പൈപ്പ്‌ പിടിച്ചുകൊണ്ടുവന്ന ഇരയെ നോക്കൂ...
ഇനി മലയാളത്തെ പിടിച്ചാല്‍ കിട്ടില്ലെന്ന്‌ തോന്നുന്നു.
മനോരമേ, ദീപികേ, കൌമുദീ,.. വേഗമാവട്ടേ. ദേ മാതൃഭൂമി വായനക്കാരെ കയ്യിലെടുക്കുന്നു..

രാജേന്ദ്രനും കൂട്ടര്‍ക്കും ആശംസകള്‍!
ഇനി പോര്‍ട്ടലപ്പാടെ യുണീക്കോഡാവാന്‍ താമസമുണ്ടാവില്ലല്ലോ :)

Saturday, July 14, 2007

ഫീഡ്‌രൂപം

Blogger.com-ല്‍ ഒരു ബ്ലോഗിന്റെ ഫീഡിന് ചില കോണ്‍ഫിഗറേഷന്‍സുണ്ട്‌. അതില്‍ ഒന്നാണ് ഫീഡിലേയ്ക്ക് പോകുന്നത്‌ പോസ്റ്റിന്റെ തുടക്കത്തിലെ ചില വാചകങ്ങള്‍ മാത്രമാവണോ, അതോ മുഴുവനും വേണോ എന്നത്‌. തുടക്കത്തിലെ ചില വാചകങ്ങളേ ഫീഡിലേയ്ക്ക് വിടാവൂ എന്ന്‌ നിര്‍ദ്ദേശിക്കുന്ന ഒരാള് ആണ് ഞാന്‍. എന്റെ കാരണങ്ങളാണ് ചുവടെ. വിശ്വവും ഉമേഷും അടക്കം പലരും മറിച്ചുവേണം എന്ന്‌ വാദിക്കുന്നവരാണ്. വിശ്വം അയച്ചുതന്ന വാദമുഖങ്ങള്‍ ഈ ലിങ്കിലുണ്ട്, കൂടാതെ താഴെ കമന്റായും.

ഡിസൈനിന് പ്രധാന്യമുള്ള ഒരു ബ്ലോഗ്‌ ഫീഡിലൂടെ വായിക്കാനും വായിക്കപ്പെടാനും ആരും ഇഷ്ടപ്പെടില്ല എന്നതില്‍ എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍ ഡിസൈനിന് പ്രാധാന്യമില്ലാത്തവയ്ക്കോ? അവയും ബ്ലോഗില്‍ തന്നെ ചെന്ന്‌ വായിക്കേണ്ടതാണ് എന്നതിനാണ് താഴെയുള്ള കാരണങ്ങള്‍.

ബ്ലോഗുകളുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകള്‍ വന്നുകൊണ്ടേ ഇരിക്കുകയാണ്. ഇന്ന്‌ ലഭ്യമായ ഫീച്ചറുകളെ അടിസ്ഥാനപ്പെടുത്തി എന്തായിരിക്കണം ഡിഫാള്‍ട്ട് ഫീഡ് കോണ്‍ഫിഗറേഷന്‍ എന്നാണ് ഇവിടെ ആലോചിക്കുന്നത്‌. അഭിപ്രായം ഇരുമ്പുലയ്ക്കയാവരുതല്ലോ. നാളെ ഈ പ്രശ്നങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഫുള്‍ഫീഡ് എന്ന ഡിഫാള്‍ട്ടിനെ നിര്‍ദ്ദേശിക്കാവുന്നതുമാണ്.

കൃതികളുടെ പ്രസന്റേഷന്‍ സംബന്ധിച്ചത്

നെറ്റിലെ എല്ലാ പേജുകളേയും കമ്പ്യൂട്ടറിന്റെ സൌകര്യത്തിന് വേണ്ടി, പ്രസന്റേഷന്‍ സംബന്ധിച്ചകാര്യങ്ങളും അതിലെ കണ്ടന്റുമായി രണ്ടായി തിരിച്ചിട്ടുണ്ട്‌. XML എന്ന സങ്കേതമുപായോഗിച്ച്‌ ഫീഡുകള്‍ ഇതിലെ അതിലെ കണ്ടന്റ് വിതരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഫീഡുകളുപയോഗിക്കുമ്പോള്‍ പോസ്റ്റിലെ പ്രസന്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നഷ്ടപ്പെടുന്നു. ഫുള്‍ഫീഡ് സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നവര്‍ ഫീഡ് റീഡറില്‍ നിന്നുമാത്രമായിരിക്കും വായന; സൈറ്റിലേയ്ക്ക് മിക്കവാറും വരില്ല. തന്മൂലം വായനക്കാരന്‍ കാണാതെപോകുന്നവയ്ക്ക് ഉദാഹരണങ്ങളാണ്:
  1. സൈറ്റ് മീറ്ററുകള്
  2. ഗൂഗിള് പരസ്യങ്ങള്
  3. സൈറ്റിലിട്ടിട്ടുള്ള വായനാലിസ്റ്റ്വിജറ്റ്
  4. കൂട്ടുകാരുടെ ലിങ്കുകള് ഏതൊക്കെയാണ് എന്നത്
  5. പഴയപോസ്റ്റുകളുടെ ലിങ്കുകള്
  6. എഴുത്തുകാരനെ പറ്റിയുള്ള വാചകങ്ങള്, ഫോട്ടോ
  7. പോളുകള്, ലേബലുകള്, കമന്റുകള് തുടങ്ങീ സൈറ്റില് ചെന്നുമാത്രം കാണാനാവുന്ന; കാണണമെന്ന് ഒരു ആവരേജ് എഴുത്തുകാരന് ആഗ്രഹിക്കുന്ന, കാര്യങ്ങളിങ്ങനെ അനവധിയാണ്.

[ഫുള്‍ ഫീഡ് ഉപയോഗിക്കുന്നവര്‍ക്ക് സൈറ്റ് മീറ്ററിന്റേയും ഗൂഗിള്‍ പരസ്യങ്ങളുടേയും കാര്യത്തില്‍ ഫീഡ്ബര്‍ണ്ണര്‍ ഉള്‍പ്പെടുത്തി ഒരു കോണ്‍ഫിഗറേഷനുണ്ടെന്ന്‌ പോളും പെരിങ്ങോടനും കമന്റിലെഴുതിയിട്ടുണ്ട്. അതില്‍ ചിലപ്രശ്നങ്ങളുണ്ടെന്ന്‍ ഹരിയും ചൂണ്ടിക്കാണിക്കുന്നു]

ബ്ലോഗിന്റെ സ്വഭാവം സംബന്ധിച്ചവ

വായനക്കാരന്‍ കാണേണ്ട പതിപ്പ്‌ തീരുമാനിക്കേണ്ടത് എഴുത്തുകാരന്‍

ഇന്റര്‍നെറ്റില്‍ കാണുന്ന പേജുകള്‍ സ്വന്തം ഹാര്‍ഡ് ഡിസ്കില്‍ കോപ്പിയെടുത്ത്‌ സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ അത്‌ മറ്റൊരാള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ പൊതുവില്‍ കോപ്പിറൈറ്റ് ലംഘനമാണ്. ഇതുതന്നെയാണ് ഫുള്‍ഫീഡുകളില്‍ നിന്നും മറ്റുഫീഡുകളിലേയ്ക്ക്‌ കൃതികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ സംഭവിക്കുന്നത്‌. എഴുത്തുകാരന്‍ മിക്കവാറും ഇതറിയുന്നില്ല. ഫുള്‍ഫീഡിലൂടെ ലേഖനം മുഴുവന്‍ പോയിക്കഴിഞ്ഞാല്‍ അത്‌ ആര്‍ക്കൊക്കെ ഷെയര്‍ ചെയ്യപ്പെടുന്നു എന്നത്‌ എഴുത്തുകാരന്റെ കണ്ട്രോളിലല്ല.


ഞാനടക്കം പലരും, വായനക്കാരുടെ അഭിപ്രായമനുസരിച്ച്‌ പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുക മുതല്‍ പോസ്റ്റ് മൊത്തം ഉടച്ചുവാര്‍ക്കുന്നവരും; അപൂര്‍വ്വമായി, പോസ്റ്റനുചിതമായിപ്പോയി എന്ന്‌ മനസ്സിലാക്കി പോസ്റ്റപ്പാടെ ഡിലീറ്റ് ചെയ്യുന്നവരുമാണ്. ‍എഴുത്തുകാരന് ഇത്തരം അധികാരം ഉപയോഗിക്കാനാവുക, ബ്ലോഗില്‍ വന്ന്‌ വായിക്കാന്‍ വായനക്കാരന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴേ ഉള്ളൂ. “ഇതുവരെ വായിച്ചത്‌ വായിച്ചു; ഇനിയാരും കാണരുത്“ എന്നുദ്ദേശിച്ച്‌ ഫുള്‍ഫീഡുപയോഗിക്കുന്ന എഴുത്തുകാരന്‍ ഡിലീറ്റ് ചെയ്ത ലേഖനം എഴുത്തുകാരന്റേതായി ഫീഡ് വായനക്കാര്‍ വായിച്ചുകൊണ്ടേ ഇരിക്കുന്നു.

നിയമാനുസൃതമായ വായന എങ്ങനെ എഴുത്തുകാരന്റെ കൃതിയിലുള്ള അധികാരം നഷ്ടപ്പെടാതെ ചെയ്യാനാവും എന്നാണ് ഇവിടെ ചിന്തിക്കുന്നത്‌. തീര്‍ച്ചയായും നിയമാനുസൃതമല്ലാത്ത അനേകം വഴികള്‍ എഴുത്തുകാരന്റെ കൃതിയിലുള്ള ഈ അധികാരത്തെ നഷ്ടപ്പെടുത്തുന്നതുണ്ടാവും. നിയമാനുസൃതമല്ലത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത്‌, എഴുത്തുകാരന് കൃതിയില്‍ പൂര്‍ണ്ണമായ അധികാരം വേണം എന്നതിന് എതിരായ വാദമല്ല.

ബ്ലോഗും പ്രിന്റും

പ്രിന്റും നെറ്റും തമ്മിലുള്ള മുഖ്യവ്യത്യാസമാണ് പുതുക്കലിനും വീണ്ടുവിചാരത്തിനും ഉള്ള സാധ്യത. ഒരു വിക്കി ലേഖനം പോലെ ഒരു ബ്ലോഗ് എപ്പോഴും എഡിറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നില്ല എന്നത്‌ ശരിയാണ്. എന്നാല്‍ അതിനുള്ള സൌകര്യം പരമപ്രധാനമാണ്. അതും സെല്‍ഫ് എക്പ്രഷന്റെ ഭാഗം തന്നെ. എത്രയോ ആളുകള്‍ അവരുടെ പോസ്റ്റുകളും ടെമ്പ്ലേറ്റുകളും വളരെ അധ്വാനിച്ച്‌ തിരുത്തുന്നു, മോടിപിടിപ്പിക്കുന്നു. അതൊക്കെയും വേണ്ടതല്ലേ? അവരിട്ട ആദ്യലേഖനം പിന്നീട് തിരുത്തിയാലും പ്രയോജനമൊന്നുമില്ലാത്ത അവസ്ഥയാണ് ഫുള്‍ഫീഡുപയോഗിക്കുമ്പോള്‍. ഇത്‌ പ്രിന്റ് മീഡിയയുടെ പരമ്പരാഗതസ്വഭാവത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ്.

ബ്ലോഗും വിക്കിയും

അറിവും ക്രിയേറ്റിവ് റൈറ്റിംഗും രണ്ടാണ്. അറിവ് യൂണിവേര്‍സലാണ്. അതായത്‌ അറിവ് എപ്പോഴും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഒരു അറിവിലേയ്ക്ക് പുതിയൊരറിവുകൂടി ചേര്‍ക്കുമ്പോള്‍ പഴയത് കൂടുതല്‍ പൂര്‍ണ്ണമാകുന്നു.

എന്നാല്‍ ക്രിയേറ്റിവ് റൈറ്റിംഗ് ഒരു പ്രത്യേക അനുവാചകസംഘത്തെ ഉദ്ദേശിച്ചുള്ളതാണ്; ആപേക്ഷികമാണ്. ഒരു കൃതിയിലെ എന്തെങ്കിലും മാറ്റിയാല്‍, അതിനോട് കൂട്ടിച്ചേര്‍ത്താലത്‌ പുതിയ കൃതിയാവും. അതിന്റെ അനുവാചകസമൂഹവും മാറും. ആ അനുവാചകസമൂഹത്തോടായിരിക്കണമെന്നില്ല എഴുത്തുകാരന് സംവദിക്കേണ്ടത്‌. ഉദാഹരണത്തിന് ഒരു നല്ല പാട്ടും അതിന്റെ ടീനേജ് പാരഡിയും.

അതുകൊണ്ട്‌ ക്രിയേറ്റിവ് എഴുത്തുകളെ വിക്കിപീഡിയയോ, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറോ ആയി ഉപമിക്കുന്നത് ശരിയാവില്ല. ക്രിയേറ്റിവ് റൈറ്റിംഗില്‍ എഴുത്തുകാരന് കൃതിക്ക്‌മേല്‍ പൂര്‍ണ്ണമായ കണ്ട്രോള്‍ ആവശ്യമുണ്ട്‌. അതു് ഫുള്‍ഫീഡുകള്‍ നഷ്ടപ്പെടുത്തുന്നു.

ക്രിയേറ്റിവ് റൈറ്റിംഗിന് ബ്ലോഗെന്നപോലെ, അറിവ്‌ ഷെയര്‍ ചെയ്യാന്‍ വിക്കി എന്ന മാധ്യമം തന്നെ നല്ലത്‌ - കാരണം അത്‌ തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരിച്ചുപോവലും സമ്മതിക്കുന്നു. രചനയുടെ ഉടമസ്ഥാവകാശം കൈവശം വച്ചുകൊണ്ടുള്ള കൊളാബറേഷന് ഫുള്‍ഫീഡ് നല്ലതാണെന്നൊരു മതമുണ്ട്‌. അത്‌ ശരിയല്ല. കാരണം, ഫുള്‍ഫീഡ് അറിവിന്റെ വിതരണത്തിന് സഹായിക്കുന്ന മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ഫീഡുപായോഗിക്കുമ്പോള്‍ ഒരിക്കലെഴുതിയാല്‍ പിന്നെ, തിരുത്തിയിട്ട് വലിയ കാര്യമൊന്നുമില്ല.

എഴുതുന്നതിലെ സെല്‍ഫ് എക്സ്പ്രഷന്‍ എത്രമാത്രം പ്രാധാന്യമുണ്ട്‌ എന്ന്‌ നെറ്റിലെഴുതിത്തുടങ്ങും മുമ്പ്‌ എഴുത്തുകാരന് തീരുമാനിക്കേണ്ടതുണ്ട്. നല്ല പ്രാധാന്യമുണ്ട്‌ എങ്കില്‍ ബ്ലോഗ്; അല്ല, അറിവ് പങ്കുവയ്ക്കലാണ് ഉദ്ദേശമെങ്കില്‍ വിക്കി (വിക്കിപ്പീഡിയ, വിക്കിബൂക്സ്,...) എന്ന്‌ നിശ്ചയിക്കണം. കൊളാബറേഷന് ബ്ലോഗ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്‌. എന്നാല്‍ ബ്ലോഗതിനൊരു നല്ല മീഡിയം ആയി തോന്നിയിട്ടില്ല. ഒന്നുകില്‍ കൊളാബറേഷന്‍ വേണം അല്ലെങ്കില്‍ ഓതര്‍ഷിപ്പ് വേണം. രണ്ടും കൂടികിട്ടുക പ്രയാസം. ഇവയിലേത്‌ വേണം എന്ന്‌ എഴുത്തുകാരന്‍ തീരുമാനിച്ചേ മതിയാവൂ.

ഇന്റര്‍നെറ്റ്ചരിത്രം

ആര്‍ക്കൈവ്സ്.കോമില്‍ പല പേജുകളുടേയും ആദിമ രൂപമിരിക്കുന്നുണ്ട്‌ (അതിന്റെ കോപ്പിറൈറ്റിനെ പറ്റി എനിക്കത്ര ക്ലാരിറ്റി പോരാ). എന്തായാലും ഇന്റര്‍നെറ്റിന്റെ ചരിത്രം റിസര്‍ച്ച് ചെയ്യാന്‍ അതുമതി. തിരിച്ച്‌ ഫുള്‍ഫീഡിന്റെ ഉദ്ദേശം, ചരിത്രം റിസര്‍ച്ച് ചെയ്യലല്ല; വായനയാണ്. സമീപഭാവിയില്‍ ഫീഡുകളിലൂടെ ബ്ലോഗിലെത്തുന്നവരുടെ എണ്ണം ഭൂരിപക്ഷമാവും. ഫുള്‍ഫീഡുണ്ടെങ്കില്‍ അത്‌ തന്നെയാവും ജനങ്ങള്‍ വായനക്കായി ഉപയോഗിക്കുക.

ഷോര്‍ട്ട് ഫീഡുപയോഗിക്കുമ്പോള്‍ നഷ്ടപ്പെടുന്നത്‌

ഓഫ് ലൈനായി കൃതികള്‍ വായിക്കാനാവില്ല എന്നത്‌ ഷോര്‍ട്ട് ഫീഡുകളുടെ ഒരു പോരായ്മയാണ്. ഫുള്‍ഫീഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ ഗിയര്‍ വച്ച്‌ നൂറോ ആയിരമോ പോസ്റ്റുകള്‍ ഒറ്റയടിക്ക്‌ നമ്മുടെ പീസിയിലേയ്ക്ക് സിങ്ക് ചെയ്യാം. അതിന് ശേഷം നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും അതൊക്കെയും വായിക്കാം. (കമന്റു് ചെയ്യാന്‍ പറ്റില്ല). അത്രയും പോസ്റ്റുകള്‍ ഓരോന്നും ക്ല്ലിക്ക് ചെയ്ത്‌ പീസിയിലെത്തിക്കുക എളുപ്പമല്ലല്ലോ. ഓഫ്‌ലൈനായി വായിക്കുന്നവരുടെ എണ്ണം ഇന്ന്‌ തുലോം കുറവായതുകൊണ്ട് ഇതൊരു വലിയ പ്രശ്നമാകാന്‍ വഴിയില്ല. നാളെ ടെക്നോളജി പുരോഗമിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കുറയാനാണ് സാധ്യത.

ചുരുക്കത്തില്‍...

ബ്ലോഗുകള് ആത്യന്തികമായി ഒരാളുടെ ക്രിയേറ്റിവിറ്റിയാണ്. അക്ഷരങ്ങളും, നിറങ്ങളും കൂടെ കൊടുക്കുന്ന കൂട്ടുകാരുടെ ലിങ്കുകളും ഒക്കെയും അതിന്റെ ഭാഗമാണ് - ഒരു ടോട്ടല് എക്സ്പീരിയന്സ്. അത് ആഗ്രഹിക്കുന്ന വായനക്കാര്‍ക്കൊന്നും ഫുള് ലിസ്റ്റ് ഉത്തരമല്ല. ഒപ്പം സ്വന്തം ക്രിയേറ്റിവിറ്റിയുടെ കണ്ട്രോള് കാംഷിക്കുന്ന എഴുത്തുകാരെല്ലാം ഷോര്ട്ട് ലിസ്റ്റ് മാത്രമേ ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ ഫീഡിലേയ്ക്കുള്ള ഡിഫാള്‍ട്ട് ഓപ്ഷന്‍ ഷോര്‍ട്ട് ലിസ്റ്റ് ആയിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.