...നോട്ടീസ് ബോര്‍ഡ്...പാട്ടപ്പിരിവ്...ലോട്ടറി വില്പന...

Saturday, July 14, 2007

ഫീഡ്‌രൂപം

Blogger.com-ല്‍ ഒരു ബ്ലോഗിന്റെ ഫീഡിന് ചില കോണ്‍ഫിഗറേഷന്‍സുണ്ട്‌. അതില്‍ ഒന്നാണ് ഫീഡിലേയ്ക്ക് പോകുന്നത്‌ പോസ്റ്റിന്റെ തുടക്കത്തിലെ ചില വാചകങ്ങള്‍ മാത്രമാവണോ, അതോ മുഴുവനും വേണോ എന്നത്‌. തുടക്കത്തിലെ ചില വാചകങ്ങളേ ഫീഡിലേയ്ക്ക് വിടാവൂ എന്ന്‌ നിര്‍ദ്ദേശിക്കുന്ന ഒരാള് ആണ് ഞാന്‍. എന്റെ കാരണങ്ങളാണ് ചുവടെ. വിശ്വവും ഉമേഷും അടക്കം പലരും മറിച്ചുവേണം എന്ന്‌ വാദിക്കുന്നവരാണ്. വിശ്വം അയച്ചുതന്ന വാദമുഖങ്ങള്‍ ഈ ലിങ്കിലുണ്ട്, കൂടാതെ താഴെ കമന്റായും.

ഡിസൈനിന് പ്രധാന്യമുള്ള ഒരു ബ്ലോഗ്‌ ഫീഡിലൂടെ വായിക്കാനും വായിക്കപ്പെടാനും ആരും ഇഷ്ടപ്പെടില്ല എന്നതില്‍ എതിരഭിപ്രായമുണ്ടാവില്ല. എന്നാല്‍ ഡിസൈനിന് പ്രാധാന്യമില്ലാത്തവയ്ക്കോ? അവയും ബ്ലോഗില്‍ തന്നെ ചെന്ന്‌ വായിക്കേണ്ടതാണ് എന്നതിനാണ് താഴെയുള്ള കാരണങ്ങള്‍.

ബ്ലോഗുകളുമായി ബന്ധപ്പെട്ട പുതിയ ഫീച്ചറുകള്‍ വന്നുകൊണ്ടേ ഇരിക്കുകയാണ്. ഇന്ന്‌ ലഭ്യമായ ഫീച്ചറുകളെ അടിസ്ഥാനപ്പെടുത്തി എന്തായിരിക്കണം ഡിഫാള്‍ട്ട് ഫീഡ് കോണ്‍ഫിഗറേഷന്‍ എന്നാണ് ഇവിടെ ആലോചിക്കുന്നത്‌. അഭിപ്രായം ഇരുമ്പുലയ്ക്കയാവരുതല്ലോ. നാളെ ഈ പ്രശ്നങ്ങള്‍ നീങ്ങുകയാണെങ്കില്‍ ഫുള്‍ഫീഡ് എന്ന ഡിഫാള്‍ട്ടിനെ നിര്‍ദ്ദേശിക്കാവുന്നതുമാണ്.

കൃതികളുടെ പ്രസന്റേഷന്‍ സംബന്ധിച്ചത്

നെറ്റിലെ എല്ലാ പേജുകളേയും കമ്പ്യൂട്ടറിന്റെ സൌകര്യത്തിന് വേണ്ടി, പ്രസന്റേഷന്‍ സംബന്ധിച്ചകാര്യങ്ങളും അതിലെ കണ്ടന്റുമായി രണ്ടായി തിരിച്ചിട്ടുണ്ട്‌. XML എന്ന സങ്കേതമുപായോഗിച്ച്‌ ഫീഡുകള്‍ ഇതിലെ അതിലെ കണ്ടന്റ് വിതരണം ചെയ്യുന്നു. അതുകൊണ്ട് തന്നെ, ഫീഡുകളുപയോഗിക്കുമ്പോള്‍ പോസ്റ്റിലെ പ്രസന്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നഷ്ടപ്പെടുന്നു. ഫുള്‍ഫീഡ് സബ്സ്ക്രൈബ് ചെയ്ത് വായിക്കുന്നവര്‍ ഫീഡ് റീഡറില്‍ നിന്നുമാത്രമായിരിക്കും വായന; സൈറ്റിലേയ്ക്ക് മിക്കവാറും വരില്ല. തന്മൂലം വായനക്കാരന്‍ കാണാതെപോകുന്നവയ്ക്ക് ഉദാഹരണങ്ങളാണ്:
  1. സൈറ്റ് മീറ്ററുകള്
  2. ഗൂഗിള് പരസ്യങ്ങള്
  3. സൈറ്റിലിട്ടിട്ടുള്ള വായനാലിസ്റ്റ്വിജറ്റ്
  4. കൂട്ടുകാരുടെ ലിങ്കുകള് ഏതൊക്കെയാണ് എന്നത്
  5. പഴയപോസ്റ്റുകളുടെ ലിങ്കുകള്
  6. എഴുത്തുകാരനെ പറ്റിയുള്ള വാചകങ്ങള്, ഫോട്ടോ
  7. പോളുകള്, ലേബലുകള്, കമന്റുകള് തുടങ്ങീ സൈറ്റില് ചെന്നുമാത്രം കാണാനാവുന്ന; കാണണമെന്ന് ഒരു ആവരേജ് എഴുത്തുകാരന് ആഗ്രഹിക്കുന്ന, കാര്യങ്ങളിങ്ങനെ അനവധിയാണ്.

[ഫുള്‍ ഫീഡ് ഉപയോഗിക്കുന്നവര്‍ക്ക് സൈറ്റ് മീറ്ററിന്റേയും ഗൂഗിള്‍ പരസ്യങ്ങളുടേയും കാര്യത്തില്‍ ഫീഡ്ബര്‍ണ്ണര്‍ ഉള്‍പ്പെടുത്തി ഒരു കോണ്‍ഫിഗറേഷനുണ്ടെന്ന്‌ പോളും പെരിങ്ങോടനും കമന്റിലെഴുതിയിട്ടുണ്ട്. അതില്‍ ചിലപ്രശ്നങ്ങളുണ്ടെന്ന്‍ ഹരിയും ചൂണ്ടിക്കാണിക്കുന്നു]

ബ്ലോഗിന്റെ സ്വഭാവം സംബന്ധിച്ചവ

വായനക്കാരന്‍ കാണേണ്ട പതിപ്പ്‌ തീരുമാനിക്കേണ്ടത് എഴുത്തുകാരന്‍

ഇന്റര്‍നെറ്റില്‍ കാണുന്ന പേജുകള്‍ സ്വന്തം ഹാര്‍ഡ് ഡിസ്കില്‍ കോപ്പിയെടുത്ത്‌ സൂക്ഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍ അത്‌ മറ്റൊരാള്‍ക്ക്‌ വിതരണം ചെയ്യുന്നത്‌ പൊതുവില്‍ കോപ്പിറൈറ്റ് ലംഘനമാണ്. ഇതുതന്നെയാണ് ഫുള്‍ഫീഡുകളില്‍ നിന്നും മറ്റുഫീഡുകളിലേയ്ക്ക്‌ കൃതികള്‍ കൈമാറ്റം ചെയ്യുമ്പോള്‍ സംഭവിക്കുന്നത്‌. എഴുത്തുകാരന്‍ മിക്കവാറും ഇതറിയുന്നില്ല. ഫുള്‍ഫീഡിലൂടെ ലേഖനം മുഴുവന്‍ പോയിക്കഴിഞ്ഞാല്‍ അത്‌ ആര്‍ക്കൊക്കെ ഷെയര്‍ ചെയ്യപ്പെടുന്നു എന്നത്‌ എഴുത്തുകാരന്റെ കണ്ട്രോളിലല്ല.


ഞാനടക്കം പലരും, വായനക്കാരുടെ അഭിപ്രായമനുസരിച്ച്‌ പോസ്റ്റിലെ അക്ഷരത്തെറ്റുകള്‍ തിരുത്തുക മുതല്‍ പോസ്റ്റ് മൊത്തം ഉടച്ചുവാര്‍ക്കുന്നവരും; അപൂര്‍വ്വമായി, പോസ്റ്റനുചിതമായിപ്പോയി എന്ന്‌ മനസ്സിലാക്കി പോസ്റ്റപ്പാടെ ഡിലീറ്റ് ചെയ്യുന്നവരുമാണ്. ‍എഴുത്തുകാരന് ഇത്തരം അധികാരം ഉപയോഗിക്കാനാവുക, ബ്ലോഗില്‍ വന്ന്‌ വായിക്കാന്‍ വായനക്കാരന്‍ നിര്‍ബന്ധിക്കപ്പെടുമ്പോഴേ ഉള്ളൂ. “ഇതുവരെ വായിച്ചത്‌ വായിച്ചു; ഇനിയാരും കാണരുത്“ എന്നുദ്ദേശിച്ച്‌ ഫുള്‍ഫീഡുപയോഗിക്കുന്ന എഴുത്തുകാരന്‍ ഡിലീറ്റ് ചെയ്ത ലേഖനം എഴുത്തുകാരന്റേതായി ഫീഡ് വായനക്കാര്‍ വായിച്ചുകൊണ്ടേ ഇരിക്കുന്നു.

നിയമാനുസൃതമായ വായന എങ്ങനെ എഴുത്തുകാരന്റെ കൃതിയിലുള്ള അധികാരം നഷ്ടപ്പെടാതെ ചെയ്യാനാവും എന്നാണ് ഇവിടെ ചിന്തിക്കുന്നത്‌. തീര്‍ച്ചയായും നിയമാനുസൃതമല്ലാത്ത അനേകം വഴികള്‍ എഴുത്തുകാരന്റെ കൃതിയിലുള്ള ഈ അധികാരത്തെ നഷ്ടപ്പെടുത്തുന്നതുണ്ടാവും. നിയമാനുസൃതമല്ലത്ത പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നത്‌, എഴുത്തുകാരന് കൃതിയില്‍ പൂര്‍ണ്ണമായ അധികാരം വേണം എന്നതിന് എതിരായ വാദമല്ല.

ബ്ലോഗും പ്രിന്റും

പ്രിന്റും നെറ്റും തമ്മിലുള്ള മുഖ്യവ്യത്യാസമാണ് പുതുക്കലിനും വീണ്ടുവിചാരത്തിനും ഉള്ള സാധ്യത. ഒരു വിക്കി ലേഖനം പോലെ ഒരു ബ്ലോഗ് എപ്പോഴും എഡിറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നില്ല എന്നത്‌ ശരിയാണ്. എന്നാല്‍ അതിനുള്ള സൌകര്യം പരമപ്രധാനമാണ്. അതും സെല്‍ഫ് എക്പ്രഷന്റെ ഭാഗം തന്നെ. എത്രയോ ആളുകള്‍ അവരുടെ പോസ്റ്റുകളും ടെമ്പ്ലേറ്റുകളും വളരെ അധ്വാനിച്ച്‌ തിരുത്തുന്നു, മോടിപിടിപ്പിക്കുന്നു. അതൊക്കെയും വേണ്ടതല്ലേ? അവരിട്ട ആദ്യലേഖനം പിന്നീട് തിരുത്തിയാലും പ്രയോജനമൊന്നുമില്ലാത്ത അവസ്ഥയാണ് ഫുള്‍ഫീഡുപയോഗിക്കുമ്പോള്‍. ഇത്‌ പ്രിന്റ് മീഡിയയുടെ പരമ്പരാഗതസ്വഭാവത്തിലേയ്ക്കുള്ള തിരിച്ചുപോക്കാണ്.

ബ്ലോഗും വിക്കിയും

അറിവും ക്രിയേറ്റിവ് റൈറ്റിംഗും രണ്ടാണ്. അറിവ് യൂണിവേര്‍സലാണ്. അതായത്‌ അറിവ് എപ്പോഴും എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഒരു അറിവിലേയ്ക്ക് പുതിയൊരറിവുകൂടി ചേര്‍ക്കുമ്പോള്‍ പഴയത് കൂടുതല്‍ പൂര്‍ണ്ണമാകുന്നു.

എന്നാല്‍ ക്രിയേറ്റിവ് റൈറ്റിംഗ് ഒരു പ്രത്യേക അനുവാചകസംഘത്തെ ഉദ്ദേശിച്ചുള്ളതാണ്; ആപേക്ഷികമാണ്. ഒരു കൃതിയിലെ എന്തെങ്കിലും മാറ്റിയാല്‍, അതിനോട് കൂട്ടിച്ചേര്‍ത്താലത്‌ പുതിയ കൃതിയാവും. അതിന്റെ അനുവാചകസമൂഹവും മാറും. ആ അനുവാചകസമൂഹത്തോടായിരിക്കണമെന്നില്ല എഴുത്തുകാരന് സംവദിക്കേണ്ടത്‌. ഉദാഹരണത്തിന് ഒരു നല്ല പാട്ടും അതിന്റെ ടീനേജ് പാരഡിയും.

അതുകൊണ്ട്‌ ക്രിയേറ്റിവ് എഴുത്തുകളെ വിക്കിപീഡിയയോ, ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറോ ആയി ഉപമിക്കുന്നത് ശരിയാവില്ല. ക്രിയേറ്റിവ് റൈറ്റിംഗില്‍ എഴുത്തുകാരന് കൃതിക്ക്‌മേല്‍ പൂര്‍ണ്ണമായ കണ്ട്രോള്‍ ആവശ്യമുണ്ട്‌. അതു് ഫുള്‍ഫീഡുകള്‍ നഷ്ടപ്പെടുത്തുന്നു.

ക്രിയേറ്റിവ് റൈറ്റിംഗിന് ബ്ലോഗെന്നപോലെ, അറിവ്‌ ഷെയര്‍ ചെയ്യാന്‍ വിക്കി എന്ന മാധ്യമം തന്നെ നല്ലത്‌ - കാരണം അത്‌ തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരിച്ചുപോവലും സമ്മതിക്കുന്നു. രചനയുടെ ഉടമസ്ഥാവകാശം കൈവശം വച്ചുകൊണ്ടുള്ള കൊളാബറേഷന് ഫുള്‍ഫീഡ് നല്ലതാണെന്നൊരു മതമുണ്ട്‌. അത്‌ ശരിയല്ല. കാരണം, ഫുള്‍ഫീഡ് അറിവിന്റെ വിതരണത്തിന് സഹായിക്കുന്ന മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ഫീഡുപായോഗിക്കുമ്പോള്‍ ഒരിക്കലെഴുതിയാല്‍ പിന്നെ, തിരുത്തിയിട്ട് വലിയ കാര്യമൊന്നുമില്ല.

എഴുതുന്നതിലെ സെല്‍ഫ് എക്സ്പ്രഷന്‍ എത്രമാത്രം പ്രാധാന്യമുണ്ട്‌ എന്ന്‌ നെറ്റിലെഴുതിത്തുടങ്ങും മുമ്പ്‌ എഴുത്തുകാരന് തീരുമാനിക്കേണ്ടതുണ്ട്. നല്ല പ്രാധാന്യമുണ്ട്‌ എങ്കില്‍ ബ്ലോഗ്; അല്ല, അറിവ് പങ്കുവയ്ക്കലാണ് ഉദ്ദേശമെങ്കില്‍ വിക്കി (വിക്കിപ്പീഡിയ, വിക്കിബൂക്സ്,...) എന്ന്‌ നിശ്ചയിക്കണം. കൊളാബറേഷന് ബ്ലോഗ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്‌. എന്നാല്‍ ബ്ലോഗതിനൊരു നല്ല മീഡിയം ആയി തോന്നിയിട്ടില്ല. ഒന്നുകില്‍ കൊളാബറേഷന്‍ വേണം അല്ലെങ്കില്‍ ഓതര്‍ഷിപ്പ് വേണം. രണ്ടും കൂടികിട്ടുക പ്രയാസം. ഇവയിലേത്‌ വേണം എന്ന്‌ എഴുത്തുകാരന്‍ തീരുമാനിച്ചേ മതിയാവൂ.

ഇന്റര്‍നെറ്റ്ചരിത്രം

ആര്‍ക്കൈവ്സ്.കോമില്‍ പല പേജുകളുടേയും ആദിമ രൂപമിരിക്കുന്നുണ്ട്‌ (അതിന്റെ കോപ്പിറൈറ്റിനെ പറ്റി എനിക്കത്ര ക്ലാരിറ്റി പോരാ). എന്തായാലും ഇന്റര്‍നെറ്റിന്റെ ചരിത്രം റിസര്‍ച്ച് ചെയ്യാന്‍ അതുമതി. തിരിച്ച്‌ ഫുള്‍ഫീഡിന്റെ ഉദ്ദേശം, ചരിത്രം റിസര്‍ച്ച് ചെയ്യലല്ല; വായനയാണ്. സമീപഭാവിയില്‍ ഫീഡുകളിലൂടെ ബ്ലോഗിലെത്തുന്നവരുടെ എണ്ണം ഭൂരിപക്ഷമാവും. ഫുള്‍ഫീഡുണ്ടെങ്കില്‍ അത്‌ തന്നെയാവും ജനങ്ങള്‍ വായനക്കായി ഉപയോഗിക്കുക.

ഷോര്‍ട്ട് ഫീഡുപയോഗിക്കുമ്പോള്‍ നഷ്ടപ്പെടുന്നത്‌

ഓഫ് ലൈനായി കൃതികള്‍ വായിക്കാനാവില്ല എന്നത്‌ ഷോര്‍ട്ട് ഫീഡുകളുടെ ഒരു പോരായ്മയാണ്. ഫുള്‍ഫീഡ് കൊടുത്തിട്ടുണ്ടെങ്കില്‍ ഗൂഗിള്‍ ഗിയര്‍ വച്ച്‌ നൂറോ ആയിരമോ പോസ്റ്റുകള്‍ ഒറ്റയടിക്ക്‌ നമ്മുടെ പീസിയിലേയ്ക്ക് സിങ്ക് ചെയ്യാം. അതിന് ശേഷം നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും അതൊക്കെയും വായിക്കാം. (കമന്റു് ചെയ്യാന്‍ പറ്റില്ല). അത്രയും പോസ്റ്റുകള്‍ ഓരോന്നും ക്ല്ലിക്ക് ചെയ്ത്‌ പീസിയിലെത്തിക്കുക എളുപ്പമല്ലല്ലോ. ഓഫ്‌ലൈനായി വായിക്കുന്നവരുടെ എണ്ണം ഇന്ന്‌ തുലോം കുറവായതുകൊണ്ട് ഇതൊരു വലിയ പ്രശ്നമാകാന്‍ വഴിയില്ല. നാളെ ടെക്നോളജി പുരോഗമിക്കുന്നതിനനുസരിച്ച്‌ ഇത്‌ ഇനിയും കുറയാനാണ് സാധ്യത.

ചുരുക്കത്തില്‍...

ബ്ലോഗുകള് ആത്യന്തികമായി ഒരാളുടെ ക്രിയേറ്റിവിറ്റിയാണ്. അക്ഷരങ്ങളും, നിറങ്ങളും കൂടെ കൊടുക്കുന്ന കൂട്ടുകാരുടെ ലിങ്കുകളും ഒക്കെയും അതിന്റെ ഭാഗമാണ് - ഒരു ടോട്ടല് എക്സ്പീരിയന്സ്. അത് ആഗ്രഹിക്കുന്ന വായനക്കാര്‍ക്കൊന്നും ഫുള് ലിസ്റ്റ് ഉത്തരമല്ല. ഒപ്പം സ്വന്തം ക്രിയേറ്റിവിറ്റിയുടെ കണ്ട്രോള് കാംഷിക്കുന്ന എഴുത്തുകാരെല്ലാം ഷോര്ട്ട് ലിസ്റ്റ് മാത്രമേ ഉപയോഗിക്കൂ. അതുകൊണ്ട് തന്നെ ഫീഡിലേയ്ക്കുള്ള ഡിഫാള്‍ട്ട് ഓപ്ഷന്‍ ഷോര്‍ട്ട് ലിസ്റ്റ് ആയിരിക്കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

32 comments:

  1. Agree with viswam completely!

    Just to add two more points:

    1. It is possible to get statistics on the number of feed subscribers with feedburner.com. It is very similar to a sitemeter for the blog.

    2. It is also possible to insert google ads in feeds. Google adsense is in beta and feedburner supports this too.

    ReplyDelete
  2. സിബു,
    കാരണങ്ങളില്‍ 6 മത്തേത്‌ഃ
    "എഴുത്തുകാരനെ പറ്റിയുള്ള വാചകങ്ങള്, ഫോട്ടോ"

    ഇതിനോടാണ്‌ എന്റെയീ കമന്റ്‌. എന്തുകൊണ്ട്‌ സൊന്തം വിവരണാത്തില്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിക്കുന്നില്ലയെന്നൊരു പോസ്റ്റിട്ടിരുന്നു. അതിനു കിട്ടിയ കമന്റുകള്‍ ഒന്നു പരിശോധിക്കുന്നത്‌ നന്നായിരിക്കും.

    നൂറോ ഇരുന്നൂറോ ബ്ലോഗ്ഗേര്‍സ്‌ ഉണ്ടായിരുന്നപ്പോള്‍ എല്ലാപേര്‍ക്കും പരസ്പരം കൂടുതല്‍ അറിയണമെന്നാഗ്രഹമുണ്ടായിരുന്നു. ഇന്നതില്ല. ബ്ലോഗ്ഗേര്‍സ്സിന്റെ എണ്ണം 1300 കഴിഞ്ഞു. വളരെകുറച്ച്‌ സമയമേ ഉള്ളൂ. കഴിയുന്നത്ര കൂടുതല്‍ ആളുകളെ സന്ദര്‍ശിച്ച്‌ എന്തെങ്കിലും വളിപ്പ്‌ ഒരു വാചകത്തിലടിച്ചിട്ട്‌ അടുത്തയാളിലോട്ട്‌ പോകണമെന്നല്ലാതെ, സന്ദര്‍ശിക്കുന്നത്‌ ആരെയാണ്‌, എന്താണയാള്‍ എന്നൊന്നും അറിയാന്‍ ഒട്ടും താല്‍പര്യമില്ല നമ്മുടെ പുതിയ കൂട്ടുകാര്‍ക്ക്‌. പല മുട്ടു ന്യായങ്ങളും നിരത്തുന്നുമുണ്ട്‌. ഇത്രയൊക്കെ മതി, അല്ലേ?.

    ReplyDelete
  3. മുഴുവന്‍ ഫീഡുകള്‍ വേണമെന്നു തന്നെയാണ് എന്റെയും അഭിപ്രായം. ‘അറിവ് ഉപാധികളില്ലാതെ പങ്കുവയ്ക്കപ്പെടേണ്ടതാണ്’ എന്നതാണ് അതിനു പുറകിലെ മതം.

    സത്യത്തില്‍ കോപ്പീറൈറ്റുകളും intellectual property അവകാശങ്ങളും ‘അറിവിന്റെ’ ദുരുപയോഗം തടയുന്നതിനായിരിക്കണം. ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ച് ആര്‍ക്കും ഒരു കമേഴ്സ്യല്‍ സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാം, പക്ഷെ അപ്രകാരം നിര്‍മ്മിച്ച സോഫ്റ്റ്‌വെയറും ഓപ്പണ്‍ സോഴ്സ് ആവണമെന്നുള്ള നിബന്ധന ഈ ഫിലോസഫി പ്രാവര്‍ത്തികമാക്കപ്പെടുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ്‌.

    ReplyDelete
  4. ഷോര്‍ട്ട് ഫീഡുകള്‍ വേണോ ലോംഗ് ഫീഡുകള്‍ വേണോ എന്നതാണല്ലോ ഇവിടുത്തെ വിഷയം. ഞാന്‍ ഷോര്‍ട്ട് ഫീഡുകളെ അനുകൂലിക്കുന്നു. കാരണങ്ങള്‍ സിബുവിന്റെ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നവ തന്നെ. കൂടാതെ
    • ഷോര്‍ട്ട് ഫീഡുകള്‍ വളരെപ്പെട്ടെന്ന് റീഡറില്‍ ലോഡാവുന്നു. ധാരാളം ഹൈ-ക്വാളിറ്റി ചിത്രങ്ങളുള്ള ഒരു ബ്ലോഗാണെങ്കില്‍, എല്ലാ ചിത്രങ്ങളും റീഡറിലെത്തുവാന്‍ എത്രയധികം സമയമെടുക്കും! ആ ചിത്രങ്ങള്‍ ഒരുപക്ഷെ വായനക്കാരന് തീരെ താത്പര്യമില്ലത്തതാണെങ്കിലോ?
    • ഞാന്‍ പലപ്പോഴും എയര്‍ടെല്‍ ജി.പി.ആര്‍.എസ് കണക്ഷന്‍ ഉപയോഗിക്കുന്നു. ലോഡാവുന്ന ഓരോ അഡീഷണല്‍ ബിറ്റും എനിക്ക് അധികച്ചിലവാണ്. അതിനാല്‍ തന്നെ, ഫുള്‍-ഫീഡ് സെലക്ട് ചെയ്തിരിക്കുന്ന ബ്ലോഗുകള്‍ പലപ്പോഴും ഞാന്‍ സബ്സ്ക്രൈബ് ചെയ്യാറില്ല. ആദ്യഭാഗം വായിച്ച ശേഷം, നന്നെങ്കില്‍ ബ്ലോഗിലെത്തി വായിച്ചാല്‍ മതിയാവുമല്ലോ.
    • നീണ്ട പോസ്റ്റുകളുള്ള ബ്ലോഗുകള്‍ ഫുള്‍ ഫീഡ് ഉപയോഗിച്ചാല്‍, എത്ര സ്ക്രോള്‍ ചെയ്താലാണ് അടുത്ത പോസ്റ്റിലെത്തുക. ഇനി മുകളില്‍ കാണുന്ന താത്പര്യമുള്ള വിഷയം വായിച്ചു എന്നിരിക്കട്ടെ. അതിനു ശേഷം താഴേക്കെത്തുന്നു. അവിടെ ഒരുപക്ഷെ അതിലും താത്പര്യം ജനിപ്പിക്കുന്ന പോസ്റ്റുകള്‍ കണ്ടേക്കാം. പക്ഷെ, തിരക്കിട്ട ജീവിതത്തില്‍ അതുകൂടി വായിക്കുവാന്‍ സമയമില്ല. ഷോര്‍ട്ട്-ലിസ്റ്റ് ആണെങ്കില്‍, ഓരോ പുതിയ വിന്‍ഡോയില്‍ താത്പര്യമുള്ള പോസ്റ്റുകള്‍ തുറന്നുവെച്ച ശേഷം, മുന്‍‌ഗണനാ ക്രമത്തില്‍ വായന സാധ്യവുമാണ്.
    --
    വിശ്വം പറഞ്ഞതിനോട്:
    • ആഡ്സെന്‍സ് ഉപയോഗിക്കുന്ന ഒരു ബ്ലോഗ്; എത്ര പേര്‍ ആ ബ്ലോഗ് കാണുന്നു, എത്ര പേര്‍ ആഡ്സെന്‍സിലെ പരസ്യത്തില്‍ ക്ലിക്ക് ചെയ്യുന്നു എന്നിവ കണക്കാക്കിയാണ് ബ്ലോഗുടമയ്ക്ക് ഗൂഗിള്‍ ലാഭം വീതിക്കുന്നത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഫുള്‍ ഫീഡ് ഉപയോഗിച്ചാല്‍ ആ സൈറ്റിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണവും, അവര്‍ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുവാനുള്ള സാധ്യതയും കുറയുമെന്നിരിക്കെ; ഫുള്‍ ഫീഡ് ലാഭം കൂട്ടുമെന്ന് പറഞ്ഞത് ശരിയായി എനിക്ക് മനസിലായിട്ടില്ല.
    • ഓഫ് ലൈനില്‍ വായിച്ചതിനു ശേഷം എത്ര നല്ല എഴുത്താണെങ്കിലും, ഒറിജിനല്‍ പേജിലെത്തുമെന്ന് കരുതുവാന്‍ ബുദ്ധിമുട്ടുണ്ട്. അടുത്ത പ്രാവശ്യം ഓണ്‍ലൈനെത്തുമ്പോള്‍ വായിക്കുവാന്‍ മറ്റു പലതുമുണ്ടാവും. അപ്പോള്‍, പഴയ ഒരു ഒറിജിനല്‍ പോസ്റ്റിലെത്തി, കമന്റ് ചെയ്യുമെന്നത് നടക്കുന്ന കാര്യമാണോ? ഞാന്‍ ചെയ്യുമെന്ന് തോന്നുന്നില്ല. ഇപ്പോള്‍ തന്നെ ഈ പോസ്റ്റ് വായിച്ച് ഇപ്പോള്‍ തന്നെ കമന്റ് ചെയ്യുന്നതുകൊണ്ട് നടന്നു, പക്ഷെ രണ്ടു ദിവസം കഴിഞ്ഞാണ് ഇവിടെയെത്തുന്നതെങ്കില്‍ ഞാന്‍ കമന്റ് ചെയ്യണമെന്നില്ല. ചിലപ്പോള്‍ രണ്ടുദിവസം കഴിഞ്ഞ് ഇവിടെ എത്തുമ്പോഴേക്കും ഇതിന്റെ പ്രസക്തി തന്നെ നഷ്ടപ്പെട്ടേക്കാം.
    --
    പോള്‍ പറഞ്ഞതിനോട്:
    • ഫീഡ് ബര്‍ണര്‍ ഉപയോഗിച്ച് ഫീഡ് സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാവും. പക്ഷെ, ഒരു ബ്ലോഗ് http://xxx.blogspot.com എന്ന് എന്റര്‍ ചെയ്ത് റീഡറില്‍ സബ്സ്ക്രൈബ് ചെയ്താല്‍ ആ സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമാവില്ല. http://feeds.feedburner.com/xxx എന്ന രീതിയില്‍ ഒരു ഫീഡ് ഉണ്ടാക്കി, ആ ഫീഡ് എല്ലാവരും സബ്സ്ക്രൈബ് ചെയ്താല്‍ മാത്രമേ അത് ലഭ്യമാവുകയുള്ളൂ.
    • ശരിയാണ്. ഫീഡുകള്‍ക്കൊപ്പം പരസ്യവും അയയ്ക്കുവാന്‍ കഴിയും. എന്നാല്‍, അത് ഒരു പ്രാവശ്യമേ കാണുന്നുള്ളൂ. എന്നാല്‍ ബ്ലോഗിലെത്തുന്നയാള്‍, പഴയ പോസ്റ്റുകളിലേക്ക് പോകുവാനുള്ള സാധ്യത കൂടുതലാണ്. അങ്ങിനെ കൂടുതല്‍ ഇമ്പ്രഷനുകള്‍ ലഭ്യമാവുന്നു. (ഒരു പോസ്റ്റ് വായിച്ച ശേഷം അടുത്തതിലേക്ക് പോവുന്നു എന്ന അര്‍ത്ഥത്തില്‍, വളരെകുറഞ്ഞ സമയത്തില്‍ എല്ലാ പേജിലെത്തിയാല്‍ ആഡ്സെന്‍സ് അത് പല വിസിറ്റായി കണക്കാക്കില്ല.)
    --
    ഓഫ്: എന്റെ പരിമിതമായ അറിവില്‍ ഷോര്‍ട്ട്-ഫീഡാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്നൊരു ധാരണ ഞാന്‍ വെച്ചു പുലര്‍ത്താറുമില്ല. :)
    --

    ReplyDelete
  5. Hari,

    there is an option in blogger to deliver burned feeds instead of blogger's default feed. so xxx.blogspot.com will actually publish feedburner's feed.

    BTW its reader-software's responsibility to show snippets first and reduce bandwidth usage (atom standard has defined an element named 'summary' under 'entry' node, but it seems like google is not using it in blogger feeds: http://tools.ietf.org/html/rfc4287#section-4.2.13 May be cibu could convince Blogger guys in Google to use 'summary' element too?) Anyway content published should be exhaustive of all user requirements, and I think its possible with current standards. Wordpress blogging platform already using snippets feature using RSS 2.0 and its 'description' element defined in 'item' node.

    ReplyDelete
  6. പെരിങ്ങോടനോട്,
    അതെങ്ങിനെയാണ് മാറ്റുക എന്നൊന്നു പറഞ്ഞു തരുമോ? ഗൂഗിള്‍ ഫീഡ് ബര്‍ണറിനെ ഏറ്റെടുത്തതിനു ശേഷമുള്ള ഓപ്ഷനാണോ അത്?
    --

    ReplyDelete
  7. കിട്ടി.
    Site Feed എന്ന ടാബില്‍ തന്നെയാണ് ആ ഓപ്‌ഷനും. ഫീഡ് ബര്‍ണര്‍, ഗൂഗിള്‍ ഏറ്റെടുത്ത ശേഷമാണെന്നു തോന്നുന്നു അങ്ങിനെയൊരു ഓപ്ഷന്‍ നല്‍കിയത്. ഞാനത് കണ്ടിരുന്നില്ല. നന്ദി :)
    --

    ReplyDelete
  8. ഇതിപ്പൊ നല്ല കണ്‍ഫ്യൂഷനായി എനിക്ക്.
    എനിക്കേത് ഫീഡായാലും കൊഴപ്പമില്ല. ഞാന്‍ ഇത്രയും നാള്‍ ഷോട്ട് ഫീഡ് ചെയ്യൂ എന്നാണ് പറഞ്ഞുകൊണ്ടിരുന്നത്. കാരണം,

    1. ആളുകള്‍ ബ്ലോഗിലേക്ക് വരണം
    2. ഫുള്‍ ഫീഡ് വെച്ച് മറ്റൊരു പോര്‍ട്ടലുകാര്‍ക്ക് ആഡ് സെന്‍സും പരസ്യങ്ങളും വെച്ച് ആ കൃതി കമ്പ്ലീറ്റ് ആയിട്ട് ഇട്ട് അവര്‍ക്ക് പോര്‍ട്ടല്‍ നടത്താം? ഇത് ഷോട്ട് ഫീഡിലും പറ്റൊ? എന്നാല്‍ പിന്നെ രണ്ടും സേം ആയി. ഇതുപോലെ കാണുമ്പോള്‍ എനിക്ക് ഷൊട്ട് ഫീഡാണ് 90% ഉചിതം എന്ന് തോന്നുന്നത്.
    http://malayalam.chakradeo.net/

    ReplyDelete
  9. ഒരു കാര്യം കൂടി.
    എന്റെ ഒരു അറിവില്‍ അല്ലെങ്കില്‍ ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ബ്ലോഗിന്റെ മെയിന്‍ പര്‍പസ് അതിന്റെ ഗുണം ഇവയൊക്കെ ഇന്ററാക്ഷന്റേതാണെന്നാണ്. ഫുള്‍ ഫീഡ് കിട്ടിക്കഴിഞ്ഞാല്‍ ആ ഇന്ററാക്ഷന്‍ വെറുമൊരു റീഡിങ്ങിലേക്ക് മാത്രമായി ചുരുങ്ങില്ലേ എന്നും സംശയം ഉണ്ട്? ഒരു ബ്ലോഗിന്റെ കൂടെ അതിന്റെ കമന്റ്സും ഒരു പരിധി വരെയെങ്കിലും വായിക്കണം എന്ന പക്ഷക്കാരിയാണ് ഞാന്‍. അതൊരുപാട് ഇന്‍ഫര്‍മേഷന്‍ കൂടുതല്‍ തരുന്നു. ഇത് ഇപ്പൊ എനിക്കറിയാവുന്നത് വെച്ച് എസ്പഷലി ഫുഡ് / ടെക്നിക്കല്‍ ബ്ലോഗുകളില്‍ വളരെ ഇമ്പോര്‍ട്ടന്റ് ആണ്.

    ഒരേയൊരു ക്ലിക്കല്ലേ കൂടുതലുള്ളൂ ബ്ലോഗിലൊട്ട്? അത് പെരിങ്ങ്സ് പറയുന്ന അറിവിനെ എങ്ങിനെ തടയുന്നു എന്ന് എനിക്ക് മനസ്സിലാവുന്നില്ല?

    ReplyDelete
  10. short feed is better,it takes less space. if we get an idea from that short feed, we can read further. other wise it ll create chaotic situation.

    ReplyDelete
  11. ഫീഡ് ചെറുതായിരിക്കുന്നതാണു് നന്നു്, വലുതായാലും ചെറുതായാലും അതിനൊരു കോപ്പിറൈറ്റ് ഫുട്ടറും വേണം.

    അല്ലെങ്കില്‍, എഴുതിയിട്ടവയെല്ലാം, പലരും മുഴുവനെ പലയിടങ്ങളിലും റെപ്ലിക്കേറ്റ് ചെയ്യുന്നു, ക്രിയേറ്റീവ് കോമണ്‍സ് ഡീഡ് പോലും മാനിക്കാതെ..!

    quasi സീരിയസ്സായി, പലവക കാര്യ്‌ങ്ങളെഴുതുന്ന ചിത്രങ്ങളെന്ന ബ്ലോഗിന്റെ ഫീഡ് ഫുള്ളും, സീരിയസ്സായുള്ള മറ്റുള്ളവയ്ക്ക് ഷോര്‍ട്ടൂം ഫീഡുകള്‍. ഉമേഷിന്റെ അഭിപ്രായവും ഇതു തന്നെ ആയിരുന്നുവെന്നാണു് ഓര്‍മ്മ?

    ReplyDelete
  12. Please realize that it is possible, simple and easy to replicate the blog contents or any web content at another place irrespective of the availability of a feed. There are plenty of scrapping scripts available for doing this. Availability of the full feed doesn't make it extremely easy or lack of it extremely difficult :-)

    Paul

    ReplyDelete
  13. ശരിയാണ്. ഫീഡുകള്‍ക്കൊപ്പം പരസ്യവും അയയ്ക്കുവാന്‍ കഴിയും. എന്നാല്‍, അത് ഒരു പ്രാവശ്യമേ കാണുന്നുള്ളൂ.

    Haree, why do you think that people won't read older posts in a feed reader?

    Paul

    ReplyDelete
  14. ഞാന്‍ ലേഖനം ഒന്ന്‌ വിപുലപ്പെടുത്തിയിട്ടുണ്ട് ഇവിടെ ഉന്നയിച്ച കണ്‍സേണുകള്‍ക്കുള്ള ഉത്തരങ്ങളും അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.


    എന്നാലും ഒറ്റവരിയില്‍ ചിലതിനു് ഉത്തരം നല്‍കാം..

    ?Adsense

    =ആഡ്സെന്‍സ് ഷോര്‍ട്ട് ഫീഡിലും ഇടാമല്ലോ :)

    ?Plagiarism

    =ഫീഡിലെ ടൈം ലൈനൊക്കെ ഫീഡ് പബ്ലിഷ് ചെയ്തയാള്‍ കൊടുത്ത ടൈം ലൈനല്ലേ.. അത് എങ്ങനെ സോളിഡ് പ്രൂഫാവും? പിന്നെ, ടൈം ലൈന്‍ കിട്ടാനും ഫുള്‍ ഫീഡ് വേണോ ഷോര്‍ട്ട് ഫീഡ് പോരേ..


    ? (IE/Firefox/Opera/Safari/Mozilla/ Flock are all famous for their own itsy-bitsy presentation issues even with basic CSS syntax).

    =ശരിയാണ്. ഈ പ്രശ്നങ്ങളില്ലാത്ത ടെമ്പ്ലേറ്റ് എഴുത്തുകാരന്‍ തെരഞ്ഞെടുത്താല്‍ മതിയല്ലോ.

    ?WHEN HE HAS TO CHOOSE, his first priority will be to remove all partial feeds.

    =വായനാലിസ്റ്റുപയോഗിക്കാത്ത ഒരു പാവം വായനക്കാരനായിരിക്കും അത്‌ ;)

    ?In fact, the entire concept of BLOG as compared to a conventional web-page is based upon separation of content and style.
    =ബ്ലോഗിന്റെ അടിസ്ഥാനം കണ്ടന്റും സ്റ്റൈലും തമ്മിലുള്ള സെപ്പരേഷനല്ല. തിരിച്ച്‌ അവയുടെ ചേര്‍ച്ച ഒരു പേര്‍സണല്‍ എക്സ്പ്രഷനാവുന്നതാണ്. അത്‌ എളുപ്പത്തില്‍ ചെയ്യാനാവുന്നതാണ്.

    ?Anonymity of the reader

    =വായനക്കാരന്‍ അനോനിമസാവാന്‍ അനോനിമസ് പ്രോക്സിയുണ്ടല്ലോ.

    ?Blogging is more of a broadcast (multi-cast) in nature rather than a point-to-point channel. (The right of a blogger should be at the moment of clicking the publish button).
    =അല്ലേ അല്ല. ഇത്‌ മെയിലിംഗ് ലിസ്റ്റും ബ്ലോഗും തമ്മിലുള്ള ഒരു പ്രധാന വ്യത്യാസമാണ്. ബ്ലോഗറുടെ റൈറ്റ് ആ കൃതിയുടെ ലൈഫ്‌ സൈക്കിളില്‍ മുഴുവനുമാണ്.


    ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ മറുപടി പറയാന്‍ മിസ്സായ എന്തെങ്കിലുമുണ്ടെങ്കില്‍ കാണിച്ചുതരണേ...

    ReplyDelete
  15. ഓഫ് ലൈന്‍ വായന - ഷോട്ട് ഫീഡാണെങ്കിലും ആ ബ്ലോഗില്‍ പോയി സേവ് ആസ് കൊടുത്താല്‍ ഓഫ് ലൈനായിട്ട് വിത് കമന്റ്സ് അത് സേവ് ചെയ്യാന്‍ പറ്റുമല്ലൊ. ഒന്നോ രണ്ടോ ക്ലിക്കുകള്‍ സേവ് ചെയ്യും ഫുള്‍ ഫീഡുണ്ടെങ്കില്‍ എന്ന് മാത്രമേ ഉള്ളൂ എന്ന് എന്റെ തോന്നല്‍.

    സ്ക്രീന്‍ സ്ക്രാപ്പിങ്ങ് സോഫ്റ്റ്വേറും വെബ് സ്ക്രേപ്പിങ്ങ് സ്ക്രിപ്റ്റ്സും ഉണ്ട്. ശരിയാണ്. പക്ഷെ ഫുള്‍ ഫീഡാവുമ്പോള്‍ അത് കുറച്ചും കൂടി എളുപ്പാവണില്ല്യേ എന്ന് മാത്രം? ഒരു രണ്ട് ക്ലിക്കില്‍ സാധ്യമാവുന്നു അത് അപ്പോള്‍.

    ReplyDelete
  16. സിബു അറിവിനേയും ക്രിയേറ്റീവ് രചനയേയും വേര്‍തിരിച്ചു കാണുമ്പോള്‍, സാഹിത്യസൃഷ്ടികള്‍ക്കു മാത്രമേ ഷോര്‍ട്ട് ഫീഡ് വേണ്ടുള്ളൂ എന്ന് ഉദ്ദേശിക്കുന്നുണ്ടോ? പാചകം, ശാസ്ത്രലേഖനങ്ങള്‍, പഠനങ്ങള്‍ എന്നിവ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അറിവിന്റെ പ്രകരണമായതിനാല്‍ അതിനു ഫുള്‍ഫീഡുകള്‍ നല്‍കുന്നതിനെ കുറിച്ചെന്തു പറയുന്നു? അവിടെയാവണം ഞാന്‍ പറഞ്ഞ ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുമായുള്ള താരതമ്യം ഫലപ്രദമാവുക.

    ReplyDelete
  17. ബ്ലോഗറിനുള്ളത് ബ്ലോഗറിനു തന്നെയായായിരിക്കണമെന്നതായിരുന്നു എന്റെ ഒരു തോന്നല്‍. പക്ഷേ വിശ്വേട്ടന്റെ കമന്റ് വായിച്ചപ്പോള്‍ കണ്‍ഫ്യൂഷനായി. വായനക്കാരെക്കൂടി കണക്കിലെടുക്കുന്ന ഒരാളാണെങ്കില്‍, അവരുടെ സൌകര്യം കൂടി നോക്കിയാണെങ്കില്‍ ഫുള്‍ ഫീഡും കുഴപ്പമില്ല എന്നൊരു തോന്നല്‍ ഇപ്പോള്‍.

    ഒരു മാസികയില്‍ ലേഖനം പ്രസിദ്ധീകരിക്കുന്ന ഒരാള്‍, ആ ലേഖനം പ്രസിദ്ധീകരിച്ചതിനുശേഷം അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ട് കാര്യമില്ലല്ലോ. മാസിക വാങ്ങിക്കുന്ന എല്ലാവരുടെയും കൈയ്യില്‍ ആ ലേഖനമുണ്ടാവും. മാസിക ഇനി അതിന്റെ പുതിയൊരു പതിപ്പ് ആ ലേഖനമില്ലാതെ ഇറക്കിയാലും ആദ്യം വാങ്ങിച്ച ആള്‍ക്കാരുടെയെല്ലാം കൈയ്യില്‍ ആ ലേഖനമുണ്ടാവുമല്ലോ. അതേ ലോജിക്ക് വെച്ച് നോക്കിയാല്‍ ഒരു പോസ്റ്റിട്ടിട്ട് രണ്ടാഴ്ച കഴിഞ്ഞ് അത് ഒരു ബ്ലോഗര്‍ക്ക് ഡിലീറ്റണമെന്ന് തോന്നി ഡിലീറ്റിയാലും മറ്റാരുടെയും കൈയ്യില്‍ ആ പോസ്റ്റുണ്ടാവാന്‍ പാടില്ല (ഫീഡ് വഴിയും മറ്റും) എന്ന് ആഗ്രഹിക്കുന്നതില്‍ വലിയ കാര്യമില്ലല്ലോ.

    അതേ സമയം പോസ്റ്റിലും ബ്ലോഗിലും സ്വന്തം ക്രിയേറ്റിവിറ്റി എഴുത്തിനുമപ്പുറം (ടെമ്പ്ലേറ്റും ഫോണ്ടുമെല്ലാമുള്‍പ്പടെ) കാണിച്ച് അതെല്ലാമുള്‍പ്പടെയുള്ള ഒരു പാക്കേജാണ് സ്വന്തം ബ്ലോഗുകൊണ്ടുദ്ദേശിക്കുന്നത് എന്ന ഒരാള്‍ക്ക് തന്റെ പോസ്റ്റുകള്‍ അതൊന്നുമില്ലാതെ റീഡറിലും മറ്റും മൊത്തമായി കിടക്കുന്നത് കാണുമ്പോള്‍ എന്തോ പോലെ തോന്നാനും മതി. പക്ഷേ എല്ലാവരും തന്റെ ബ്ലോഗ് കാണുകയും വേണം (പബ്ലിക്കാക്കുന്നതു വഴി), പക്ഷേ അത് താനാഗ്രഹിക്കുന്ന രീതിയില്‍ തന്നെ വേണം താനും, താന്‍ ഒരു പോസ്റ്റ് ഡിലീറ്റ് ചെയ്ത് കഴിഞ്ഞാല്‍ ആരും അത് പിന്നീട് വായിക്കരുത് എന്നുള്ള ആഗ്രഹം എത്രമാത്രം പ്രായോഗികമാണെന്ന് സംശയം.

    ഫുള്‍ ഫീഡിന്റെ കോപ്പി റൈറ്റ് ഇഷ്യു ഞാന്‍ നേരത്തെ തന്നെ ചോദിച്ചിരുന്നു. സ്വന്തം സ്ഥലത്തല്ലാതെ വേറേ എവിടെയെങ്കിലും സ്വന്തം ആര്‍ട്ടിക്കിള്‍ തന്റെ അറിവില്ലാതെ കാണുന്നതെല്ലാം പകര്‍പ്പവകാശ ലംഘനമാണോ?

    ReplyDelete
  18. പോളിനോട്,
    ഓരോരുത്തരുടേയും ബ്ലോഗുകള്‍ പ്രത്യേകം സബ്സ്ക്രൈബ് ചെയ്തിരിക്കുന്നെങ്കില്‍, ശരിയാണ്; പഴയ പോസ്റ്റുകളിലേക്കും എത്തിപ്പെടും. എങ്കില്‍ തന്നെയും, അതൊക്കെയും ഒരു പേജില്‍ തന്നെയാവും ദൃശ്യമാക്കുക. ശ്രദ്ധിച്ചാല്‍ മനസിലാവും. എല്ലാ ഫീഡുകളും ഒരു ആഡ് തന്നെയാവും കാണിക്കുക. അതായത് ഒറ്റ കൌണ്ട് മാത്രമേ വരുന്നുള്ളൂ. (ഇത് ഷൊര്‍ട്ട് ഫീഡുകളില്‍ പരസ്യം അനുവദിച്ചിരുന്നപ്പോള്‍, ഒരാഴ്ച മുന്‍പ് എന്റെ അനുഭവം. റീഡറിലോ മറ്റോ ഗൂഗിള്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ എന്ന് അറിവില്ല.)
    പിന്നെ, ‘മലയാളം ബ്ലോഗ് പോസ്റ്റുകള്‍’ എന്ന പൈപ്പിലുടെയാണ് ആ പോസ്റ്റിലെത്തുന്നതെന്നു കരുതൂ, അപ്പോള്‍ തൊട്ടു താഴെയും മുകളിലും മറ്റുള്ളവരുടെ പോസ്റ്റുകളാവും. അപ്പോള്‍ പിന്നിലെ പോസ്റ്റുകളിലേക്ക് പോകുവാനുള്ള സാധ്യത കുറയുന്നു.

    സിബുവിനോട്,
    ഷോര്‍ട്ട് ഫീഡുകളിലും ആഡ്സെന്‍സ് ഇടുവാന്‍ കഴിയുമായിരുന്നു. പക്ഷെ ഇപ്പോള്‍ ഫുള്‍ ഫീഡുകളില്‍ മാത്രമേ ബ്ലോഗര്‍ ഫൂട്ടര്‍ സ്ക്രിപ്റ്റ് അനുവദിക്കുന്നുള്ളൂ.

    പെരിങ്ങോടനോട്,
    അറിവിന്റെ പ്രകരണം വിക്കിയിലൂടെ സാധ്യമാവുന്നില്ലേ? ബ്ലൊഗ് ഒരു നവമാധ്യമമായതിനാല്‍ തന്നെ സംവേദനം സാധ്യമാവണം. റീഡറിലൂടെ അത് സാധ്യമാവുമോ?

    വക്കാരിയോട്,
    കൊള്ളാം, പ്രിന്റുമായിട്ടാണോ ബ്ലോഗിനെ താരതമ്യം ചെയ്യുന്നത്? ഇവിടെ ഡിലീറ്റ് ചെയ്യുവാനുള്ള സ്വാതന്ത്ര്യം ലേഖകനുണ്ട്. പ്രിന്റില്‍ അതില്ല.
    സൂര്യഗായത്രിയില്‍ അടുത്തിടെ ഇട്ട, ‘ദേ കിടക്കുന്നു മറുപടി’ എന്ന പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെടുകയോ, ഡ്രാഫ്റ്റായി സേവ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്. അത് ഓണ്‍ലൈനില്‍ ലഭ്യമല്ല. പക്ഷെ റീഡറിലൂടെ അത് മുഴുവനായും ലഭ്യമാണ്. അതായത് ആ ലേഖനത്തിന്റെ കണ്ട്രോള്‍ ഇപ്പോള്‍ എഴുതിയ ആള്‍ക്കല്ല. എനിക്കിനിയത് പൂര്‍ണ്ണമായും കോപ്പി ചെയ്യാം, പുതിയ പോസ്റ്റാക്കാം... കാരണം എഴുതിയത് സൂവാണ് എന്നതിനുള്ള വ്യക്തമായ തെളിവ് ആ പോസ്റ്റിന്റെ പെര്‍മനെന്റ് ലിങ്കാണ്, അത് ഇപ്പോളില്ല. ചുരുക്കത്തില്‍: സുവിന്റെ ആ ലേഖനം പ്രിന്റിലായിരുന്നെങ്കില്‍, പിന്നീട് മായ്ച്ചു കളയുവാന്‍ സാധിക്കില്ല, എന്നാല്‍ ബ്ലോഗില്‍ അത് സാധിക്കുന്നു. അപ്പോള്‍ വായനക്കാരന് അത് സൂക്ഷിക്കുവാനും അര്‍ഹതയുണ്ടോ? (സൂവേച്ചിയേ, ഇനി അത് പബ്ലിഷ് ചെയ്ത് എന്റെ എക്സാമ്പിള്‍ വേസ്റ്റാക്കല്ലേ... ;)
    --

    ReplyDelete
  19. ഹരീ, ഷോര്‍ട്ട് ഫീഡിലെ ആഡ്സെന്‍സിന്റെ കാര്യം ഇപ്പോള്‍ ശ്രദ്ധിച്ചു. നന്ദി. ഹരിപറഞ്ഞതിനോട് ഇനി കൂട്ടിച്ചേര്‍ക്കാന്‍ അധികമൊന്നും ഇല്ല.

    ഇഞ്ചീ,

    ഗൂഗിള്‍ ഗിയര്‍ വച്ച്‌ നൂറോ ആയിരമോ പോസ്റ്റുകള്‍ ഒറ്റയടിക്ക്‌ നമ്മുടെ പീസിയിലേയ്ക്ക് സിങ്ക് ചെയ്യാം. അതിന് ശേഷം നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും അതൊക്കെയും വായിക്കാം. (കമന്റു് ചെയ്യാന്‍ പറ്റില്ല). അത്രയും പോസ്റ്റുകള്‍ ഓരോന്നും ക്ല്ലിക്ക് ചെയ്ത്‌ പീസിയിലെത്തിക്കുക എളുപ്പമല്ലല്ലോ.

    പെരിങ്ങോടനോട്,

    നെറ്റിലെഴുതിത്തുടങ്ങും മുമ്പ്‌ എഴുത്തുകാരന് ഒരു സുപ്രധാന തീരുമാനമെടുക്കാനുണ്ട്‌. എഴുതുന്നതിലെ സെല്‍ഫ് എക്സ്പ്രഷന്‍ എത്രമാത്രം പ്രാധാന്യമുണ്ട്‌ എന്ന്‌. നല്ല പ്രാധാന്യമുണ്ട്‌ എങ്കില്‍ ബ്ലോഗ്; അല്ല, അറിവ് പങ്കുവയ്ക്കലാണ് ഉദ്ദേശമെങ്കില്‍ വിക്കി (വിക്കിപ്പീഡിയ, വിക്കിബൂക്സ്,...) എന്ന്‌ നിശ്ചയിക്കണം. കൊളാബറേഷന് ബ്ലോഗ് ഉപയോഗിക്കാന്‍ ശ്രമിക്കുന്നവരെ കണ്ടിട്ടുണ്ട്‌. എന്നാല്‍ ബ്ലോഗതിനൊരു നല്ല മീഡിയം ആയി തോന്നിയിട്ടില്ല. നിര്‍ഭാഗ്യവശാല്‍ രണ്ടും ഒരേ സമയം സാധ്യമാവുന്ന ഒരു മീഡിയം ഇതുവരെ ഉണ്ടായിട്ടില്ല എന്നും പറയാം.


    വക്കാരി, പ്രിന്റും നെറ്റും തമ്മിലുള്ള ഒരു മുഖ്യവ്യത്യാസം തന്നെയാണ് പുതുക്കലിനും വീണ്ടുവിചാരത്തിനും ഉള്ള സാധ്യത. ഒരു വിക്കി ലേഖനം പോലെ ഒരു ബ്ലോഗ് എപ്പോഴും എഡിറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നില്ല എന്നത്‌ സത്യം. എന്നാല്‍ അതിനുള്ള സൌകര്യം പരമപ്രധാനമാണ്‍. അതും സെല്‍ഫ് എക്പ്രഷന്റെ ഭാഗം തന്നെ. എത്രയോ ആളുകള്‍ അവരുടെ ബ്ലോഗുകളും ടെമ്പ്ലേറ്റുകളും വളരെ അധ്വാനിച്ച്‌ മോടിപിടിപ്പിക്കുന്നു. അതൊക്കെയും വേണ്ടതല്ലേ.

    ReplyDelete
  20. സിബു വിക്കിയില്‍ Original Research നു വലിയ സാധ്യതകളില്ല (ഒട്ടുമില്ലെന്ന് ഈ ലിങ്ക് പറയുന്നു‌), ബ്ലോഗ് പോലുള്ള ഒരു ഇന്ററാക്റ്റീവ് മാധ്യമത്തിലേ അതിനു നിലനില്‍ക്കുവാന്‍ കഴിയുകയുള്ളൂ, സിബു പറയുന്ന സെല്‍ഫ് എക്സ്പ്രഷന്‍ അവിടെയേ സാധ്യമാവുകയുള്ളൂ. കണ്ടന്റ് തെഫ്റ്റിനെ കുറിച്ച് plagiarismtoday യിലും വിശ്വം പറഞ്ഞതുമായ കാര്യങ്ങള്‍ അനുകൂലിക്കുകയാണെങ്കില്‍ ഒരു ബ്ലോഗ്‌ഡിസൈനു ഒറിജിനല്‍ റിസേര്‍ച്ചിനു മുതിരുന്ന ആള് പ്രാധാന്യം നല്‍കുമെന്ന് കരുതുവാന്‍ വയ്യ.

    ഉദാഹരണം ദേവന്റേയോ ഉമേഷിന്റെയോ സാഹിത്യരചനയല്ലാത്ത ഒരു പോസ്റ്റ്, സെല്‍ഫ്‌എക്സ്പ്രഷനിലൂടെയേ അവര്‍ അറിവു പങ്കുവയ്ക്കുവാന്‍ മുതിരുകയുള്ളൂ (ഇവര്‍ ഇരുവരും വിക്കിയില്‍ കുറച്ചെ എഴുതിക്കണ്ടിട്ടുള്ളൂ), പലപ്പോഴും ഈ അറിവ്, അവര്‍ പല സോഴ്സുകളില്‍ നിന്നും സ്വരുക്കൂട്ടിയതായിരിക്കും, അല്ലെങ്കില്‍ ഒറിജിനല്‍ റിസേര്‍ച്ചായിരിക്കും, ഇതിലേതായാലും ആ അറിവിനെ എപ്രകാരം പങ്കുവയ്ക്കണമെന്നുള്ള തീരുമാനത്തിലാണ് പ്രാധാന്യം. അവര്‍ share-alike ചിന്താഗതിയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഫുള്‍ഫീഡുകളാണ് ആ ചിന്താഗതിയെ സാധ്യമാക്കുവാന്‍ ഏറ്റവും എളുപ്പമുള്ള ഒരു ഉപാധി.

    ഒരു പോസ്റ്റോ ബ്ലോഗോ ഡിലീറ്റ് ചെയ്താല്‍ തന്നെയും സേര്‍ച്ച് എഞ്ചിനുകളുടെ കാഷെയില്‍ നിന്ന് അവയെ തിരിച്ചെടുക്കാം എന്നിരിക്കെ, കണ്ടന്റിന്റെ അവകാശം സ്ഥാപിച്ചെടുക്കുവാന്‍ സാധിക്കില്ല എന്ന ഭയവും വേണ്ടെന്ന് തോന്നുന്നു. ഹരി പറഞ്ഞ സൂര്യഗായത്രിയുടെ പോസ്റ്റ് ഗൂഗിളിന്റെ കാഷെയിലുണ്ട്.

    ReplyDelete
  21. പെരിങ്ങോടാ, അത്‌ വിക്കിപ്പീഡിയയുടെ പോളിസിയാണ്; വിക്കിയുടെ സ്വഭാവമല്ല.

    ഫുള്‍ഫീഡിനേക്കാള് അറിവ്‌ ഷെയര്‍ ചെയ്യാന്‍ വിക്കി എന്ന മാധ്യമം തന്നെ നല്ലത്‌ - കാരണം അത്‌ തിരുത്തലും കൂട്ടിച്ചേര്‍ക്കലും തിരിച്ചുപോവലും സമ്മതിക്കുന്നു. ഫുള്‍ ഫീഡ് എഴുത്തുകാരന് പ്രാധാന്യമില്ലാത്ത ഷെയറിംഗ് മാത്രമേ തരുന്നുള്ളൂ.

    ഉമേഷിന്റേയും ദേവന്റേയും ലേഖനങ്ങളുടെ പ്രത്യേകത അതിലൊക്കേയും അറിവിനൊപ്പം സെല്‍ഫ് എക്സ്പ്രഷനും ഉണ്ട് എന്ന്‌ മറക്കരുത്‌. അവര്‍ എന്തുകൊണ്ട് വിക്കിക്ക്‌ പകരം ബ്ലോഗ് എന്നമാധ്യമം സ്വീകരിച്ചു എന്നത്‌ അവര് തന്നെ പറയട്ടേ. ഊഹിക്കാന്‍ വയ്യ.

    പേജില്ലാതായാല്‍ കാഷില്‍ നിന്നും ചുരുങ്ങിയ കാലത്തിനുള്ളില്‍ അപ്രത്യക്ഷമാവും എന്നാണ് അനുഭവം.

    ReplyDelete
  22. സിബു, ആര്യന്‍ മൈഗ്രേഷന്‍ തിയറിയെ കുറിച്ചുള്ള എന്റെയൊരു പഠനം അല്ലെങ്കില്‍ ഒരു ഹൈപ്പോതിസീസ് പ്രസിദ്ധീകരിക്കുവാന്‍ ബ്ലോഗാണ് നല്ലത്, കാരണം ആ ഹൈപ്പോതിസിസിന്റെ authorship എന്റേത് മാത്രമാ‍യിരിക്കുമല്ലോ. വിക്കി (അത് ഏറ്റവും പ്രചാരമുള്ള വിക്കിയായ വിക്കിപീഡിയ ആണെങ്കിലും) ഒരു ഒറിജിനല്‍ റിസേര്‍ച്ചിനെ സഹായിക്കുന്ന പ്ലാറ്റ്ഫോം ആവുകയില്ല, ഒരുപാട് ആളുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒരു ഒറിജിനല്‍ റിസേര്‍ച്ച് നടത്തുകയാണെങ്കില്‍ വിക്കിയുടെ കോളാബറേഷന്‍ റ്റൂളുകള്‍ ഉപയോഗപ്പെടും എന്നുമാത്രം. അല്ലെങ്കില്‍ പൊതുജനത്തിനു എഡിറ്റ് അവകാശങ്ങളുള്ള വിക്കിയാണെങ്കില്‍ റിസേര്‍ച്ച് ഒരാള്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയാതെ പോവുകയില്ലേ? പോരാത്തതിനു ബ്ലോഗിനുള്ളതു പോലെ കമന്റുകള്‍ക്ക് ഫീഡുകളും മറ്റും വിക്കിയിലില്ല, ഒരു ഒറിജിനല്‍ റിസേര്‍ച്ചിലെ സംവാദങ്ങള്‍ പോലും പ്ലാറ്റ്ഫോം ഡിപ്പന്‍ഡന്‍സിയില്ലാതെ ആ അറിവ് കാംക്ഷിക്കുന്നവര്‍ക്കെത്തിക്കാം എന്നതാണ് ബ്ലോഗിന്റെ ഗുണം.

    ദേവനും ഉമേഷും അറിവ് പങ്കുവയ്ക്കുന്നത് സെല്‍ഫ്‌എക്സ്പ്രഷനിലൂടെയാണെന്നാണ് ഞാനും എഴുതിയത് (അവര്‍ പൊതുവെ വിക്കിയിലേയ്ക്ക് കുറച്ച് കണ്ട്രിബ്യൂട്ട് ചെയ്യുന്നവരുമാണെന്നാണ് എന്റെ നിരീക്ഷണം), അവര്‍ ബ്ലോഗ് തിരഞ്ഞെടുത്തതിന്റെ കാരണം അന്വേഷിച്ചു പോകേണ്ടതില്ല, കാരണം അവര്‍ ബ്ലോഗിലുണ്ട്, വിക്കിയിലില്ല, അല്ലെങ്കില്‍ അവര്‍ക്ക് വിക്കിയില്ല!

    അവര്‍ കണ്ടന്റ് എങ്ങനെ പ്രസിദ്ധീകരിക്കുന്നു എന്നതാണ് പ്രസക്തമായത്, ‘തനതു’ ശൈലിയില്‍ അറിവിന്റെ ‘ക്രയവിക്രിയം’ നടത്തുന്നവരാണവര്‍, അപ്രകാരം സ്വരൂപിക്കുന്ന അറിവ് ബ്ലോഗില്‍ തന്നെ വന്ന് വായിക്കണമെന്ന് ശഠിക്കുന്നുണ്ടെങ്കില്‍ അതിന് ഏതൊക്കെ കാരണങ്ങളാവും അവരെ പ്രേരിപ്പിക്കുക? ഇത് നമുക്കും ഊഹിക്കാമെന്ന് തോന്നുന്നു, കാരണം ഉമേഷും ദേവനും ഉദാഹരണങ്ങളാണല്ലോ ഈ കേസില്‍.

    ReplyDelete
  23. In my own World, Click$ co$t money. Hot hard currency! Yes, but if you cant spend it, then why you want to read it? It is not good to say 'My clicks cost money' so I need everything fully feeded in my reader(I want to read them without even paying a click)!!! It is upon the same clicks Google AdSence is working.

    There's another thing, Time = Money. Blogging takes time, and bloggers are spending it. And for that he/she doesn't even deserve a click?

    And about [http://archive.org] and [http://archives.org]. Both are different websites. Why one's click is wasted here? Only because the address given was wrong. How can it be compared to a click given to a short-feed within a reader? It is taking you to the correct page, no?

    I think the poll should be changed to, "What you like, readers coming to your blog to read, or readers reading it off-line in a reader?" My answer is "I like readers coming to my blog and reading it." And I am ready to pay my clicks to those blogs, I wish to read.
    --

    ReplyDelete
  24. What I have understood from all this is,
    Short feeds is like a trailer or a synopsis you see on the outer cover. You need to open a book to see what is inside. Without opening a book, I don’t think we can even argue about whether all the words should be displayed in front of our eyes.

    Opening a book = one click to the blog.

    Especially photo blogs etc, I can’t even imagine them getting in a reader. All this click costs money is just silly. Honestly, I don’t want google ads inside my reader. That I feel is like an intrusion, it can watch my reading pattern, rather than what the blog owner’s content specific ads. When I visit blogs, reader stays out of all ads nuisance.

    I understand the archiving thing. That makes sense. Can someone explain that in simple terms without any frills, please?

    I am with Hari. I put effort on my blogs, esp my English blog. I want people to visit my blogs rather than them getting it offline. Take part in a conversation if any. That’s all. Plain and simple. I also don’t encourage the idea of offline reading that much. It has no future, since more and more people are getting online – 24 hours, in every part of the World.

    Full feeds only benefit the lay reader I guess. It would be like going back to the reading a book, without ever personally knowing the author or his reviews or the comments. That makes a lot of difference.

    As an example, There is same aloo paratha recipe in six different blogs. What makes each recipe different? What makes me visit blogs instead of taking a recipe book and flipping the pages?
    It is the individuality of each blogs and what they offer in totality! Not just the aloo recipe. Visiting each blogs gives that personal experience.

    When we had the Yahoo issue, I put out an icon and a notice link about Yahoo on my sidebar. If most of them had subscribed to my full feeds, everybody would have missed it. People visited my blog and saw that on the side bar.

    (Anyway I am not that experienced in Internet nor do I know all the aspects. Maybe I am unable to comprehend what vishwettan and all are saying. But as of now, none of the points convinced me for full feeds)

    ReplyDelete
  25. പതിവുപോലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയുമായി ഞാനെന്റെ പോസ്റ്റ് പുതുക്കിയിട്ടുണ്ട്‌.എന്നാലും...

    വിശ്വം കാണിച്ചുതന്ന ലിങ്കുകള്‍ തന്നെയാണ് എനിക്ക്‌ തിരിച്ചുള്ള വാദവും. ഫുള്‍ ഫീഡുകളിലൂടെ എന്റെ വായനക്കാര്‍ വായിക്കുന്നത്‌ എന്റെ ലേഖനത്തിന്റെ ആദിമരൂപമാണെങ്കിലോ? വിശ്വം കാണിച്ച ആ ലിങ്കിലെ പോലെയൊന്നുമല്ല എന്റെ ലേഖനം ഇന്നിരിക്കുന്നത്‌. എന്റെ വായനക്കാരന്‍ വായിക്കുന്നത്‌ എന്റെ ലേഖനത്തിന്റെ ഏറ്റവും പുതുക്കിയ രൂപമായിരിക്കണം. അതില്‍ കോമ്പ്രമൈസ് ചെയ്യാന്‍ ഏതെങ്കിലും എഴുത്തുകാരന്‍ തയ്യാറാവുമോ?

    ഇന്റര്‍നെറ്റിന്റെ ചരിത്രം റിസര്‍ച്ച് ചെയ്യാന്‍ ആര്‍കൈവ്സ്.ഓര്‍ഗ് ഉണ്ടല്ലോ. സാധാരണ വായനക്കാരന്‍ ആര്‍ക്കൈവ്സില്‍ പോയല്ല വായിക്കുന്നത്‌. തിരിച്ച്‌ ഫുള്‍ഫീഡിന്റെ ഉദ്ദേശം ചരിത്രം റിസര്‍ച്ച് ചെയ്യലല്ല; വായനയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഫീഡുകളിലൂടെ ബ്ലോഗിലെത്തുന്നവരുടെ എണ്ണം ഭൂരിപക്ഷമാവും. ഫുള്‍ഫീഡുണ്ടെങ്കില്‍ അത്‌ തന്നെയാവും വായനക്കാരന്‍ ഉപയോഗിക്കുക. അപ്പോള്‍ അവന്‍ വായിക്കുന്നത്‌ തെറ്റുകളൊഴിവാക്കി, ഫോട്ടോകളും ലിങ്കുകളും ശരിയായി ചേര്‍ത്ത ഏറ്റവും ലേറ്റസ്റ്റ് വെര്‍ഷനാണോ അതോ ഏറ്റവും ആദ്യം പബ്ലിഷ് ചെയ്ത; അനേകം പ്രശ്നങ്ങളുണ്ടാവാവുന്ന ഡ്രാഫ്റ്റ് വെര്‍ഷന്‍ ആണോ.. ലേറ്റസ്റ്റ് വെര്‍ഷന്‍ തന്നെ വായനക്കാരന്‍ വായിക്കണെമെങ്കില്‍ എഴുത്തുകാരന് ചെയ്യാവുന്ന കാര്യം ബ്ലോഗിലെത്തിത്തന്നെ എല്ലാം വായിക്കാന്‍ എഴുത്തുകാരനെ നിര്‍ബന്ധിക്കുകയാണ്.


    ?പെരിങ്ങോടന്‍: “അല്ലെങ്കില്‍ പൊതുജനത്തിനു എഡിറ്റ് അവകാശങ്ങളുള്ള വിക്കിയാണെങ്കില്‍ റിസേര്‍ച്ച് ഒരാള്‍ക്ക് മാത്രം അവകാശപ്പെടാന്‍ കഴിയാതെ പോവുകയില്ലേ?“

    =തീര്‍ച്ചയായും. ഒന്നുകില്‍ കൊളാബറേഷന്‍ വേണം അല്ലെങ്കില്‍ ഓതര്‍ഷിപ്പ് വേണം. രണ്ടും കൂടികിട്ടുക പ്രയാസം. ഇവയിലേത്‌ വേണം എന്ന്‌ എഴുത്തുകാരന്‍ തീരുമാനിച്ചേ മതിയാവൂ. കാരണം, ഫുള്‍ഫീഡ് അറിവിന്റെ വിതരണത്തിന് സഹായിക്കുന്ന തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, പഴയ വെര്‍ഷനിലേയ്ക്ക് തിരിച്ചുപോവനാവുക എന്നീ ഗുണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. ഫുള്‍ഫീഡുപായോഗിക്കുമ്പോള്‍ ഒരിക്കലെഴുതിയാല്‍ പിന്നെ, തിരുത്തിയിട്ട് വലിയ കാര്യമൊന്നുമില്ല.

    ReplyDelete
  26. I am sorry for any lost continuity of the discussion, but during my insane moments, I just felt like deleting my arguments. Unlike the post author (writer), as a reader, I could only delete but not modify my words, so those who are interested may please refer to them from any available full or partial feeds.
    (Or the author may have the charity to send a copy of the e-mail feed he may have casually kept.)

    ReplyDelete
  27. നെറ്റില്‍ ഗീക്കുകള്‍ക്കിടയില്‍ പ്രചാരമുള്ള ഒരു വരിയുണ്ട്, if u don't know what it does, you probably don't need it.

    കണ്‍സ്യൂമറിസം വളരുന്നതെങ്ങിനെയാണ്? സത്യത്തില്‍ ആവശ്യമില്ലാത്ത സാധനങ്ങള്‍ പലതും ആവശ്യമുണ്ടെന്ന് ദ്യോതിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്നതു കൊണ്ടല്ലേ? അല്ലെങ്കില്‍ ആദ്യത്തെ വരിയില്‍ എടുത്തെഴുതിയ ഇംഗ്ലീഷ് വാചകത്തിനെ പാടേ മറന്നു പോകുവാനുള്ള ത്വര സഹജമായി തന്നെ മനുഷ്യനുള്ളത് കൊണ്ടല്ലേ?

    എന്തായാലും കണ്‍സ്യൂമറിസത്തിനെ കുറിച്ച് വലിയൊരു ഉപന്യാസത്തിലേയ്ക്കു പ്രവേശിക്കുന്നില്ല.

    എന്നാല്‍ കണ്‍സ്യൂമറിസത്തിന്റെ സാധ്യതകളെ ബ്ലോഗിലും ഉപമിക്കാമെന്നു തോന്നുന്നു. റീഡറില്‍ എന്റെ സുഹൃത്ത് ഷെയര്‍ ചെയ്തിരിക്കുന്ന ഒരു പോസ്റ്റ് വായിക്കുന്ന എനിക്ക് ലഭിക്കുന്നത് അയാള്‍ക്ക് ഇഷ്ടപ്പെട്ടതും (ഞാന്‍ അത് സബ്സ്ക്രൈബ് ചെയ്തതിലൂടെ) എനിക്ക് ഇഷ്ടപ്പെടുവാന്‍ സാധ്യതയുള്ളതുമായ പോസ്റ്റായിരിക്കുമല്ലോ. ഈ പോസ്റ്റിനെ പിന്‍‌തുടര്‍ന്ന്‍ അതു മുഴുവന്‍ വായിക്കുവാന്‍ വേണ്ടി മാത്രം ആ ബ്ലോഗിലെത്തുമ്പോഴാണ് ബ്ലോഗിലെ കണ്‍സ്യൂമറിസം തുടങ്ങുന്നത് ;) അവിടെ ‘പൂന്തോട്ടവും ലൈംഗികതയും’ എന്നൊരു ലിങ്ക് കാണുകയാണെങ്കില്‍ പൂന്തോട്ടത്തിലോ ലൈംഗികതയിലോ ആകര്‍ഷിക്കപ്പെടാത്തവര്‍ പോലും ‘തെറ്റിദ്ധരിക്കപ്പെട്ട്’ ക്ലിക്ക് ചെയ്യുവാനുള്ള സാധ്യതകള്‍ അധികമായിരിക്കും. ക്ലിക്ക് ചെയ്യുവാന്‍ പ്രേരിപ്പിക്കുകയാണ് നെറ്റിലെ പരസ്യങ്ങളുടെ തന്ത്രം, റ്റീവി കാണുമ്പോള്‍ പരസ്യത്തില്‍ കാണുന്ന പ്രൊഡക്റ്റ് വാങ്ങുവാന്‍ ആ പരസ്യം പ്രേരിപ്പിക്കുന്നത് പോലെ, യഥാര്‍ഥത്തില്‍ ആവശ്യവും ആവശ്യമില്ലായ്മയും തിരഞ്ഞെടുക്കുവാന്‍ മനുഷ്യനുള്ള കഴിവുകുറവിനേയോ (സമയക്കുറവിനേയോ) ചൂഷണം ചെയ്യപ്പെടുന്നതിന്റെ ഫലമാണല്ലോ കണ്‍സ്യൂമറിസം.

    നെറ്റിന്റേയും ബ്ലോഗിന്റേയും അനന്തസാധ്യതകള്‍ ഇതിനെല്ലാം ഒരു മറുമരുന്നായി എത്തുകയായിരുന്നു...

    റീഡറിന്റെ ഉപയോഗത്തിലൂടെ അല്ലെങ്കില്‍ വെബ് 2.0 ഐഡിയോളജിയിലുള്ള ഏതൊരു സര്‍വീസില്‍ നിന്നും എനിക്ക് ഇഷ്ടമുള്ള വാര്‍ത്ത / വിശേഷം, എന്തിന് ഞാന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പരസ്യം പോലും എന്നെ തേടി എത്തുകയാണ്, ഇതുമൂലം ഏറ്റവും ആവശ്യമുള്ളത് വിവേകപരമായി തിരഞ്ഞെടുക്കുവാന്‍ ഒരാള്‍ക്ക് സാധിക്കുന്നു എന്നതാണ് പരമപ്രധാനമായ കാര്യം, കാരണം അയാള്‍ക്ക് ആ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത് അയാള്‍ക്ക് ആവശ്യമുണ്ടാകുവാന്‍ സാധ്യതകളേറെയുള്ള കുറച്ചുമാത്രം വരികള്‍ക്കിടയില്‍ നിന്നാണ്.

    (മറ്റെല്ലായിടത്തുമുള്ളതു പോലെ ആവശ്യമുള്ളതിനെ തേടിപ്പോകുവാന്‍ നെറ്റിലും സാധ്യതകളുണ്ട്, മറ്റെന്തിനേക്കാളും ഒരുപടി മികവോടെ, അതിനെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ലെന്നു തോന്നുന്നു)

    സിബുവും കൂട്ടരും പുറത്തുവയ്ക്കുന്ന വാദമുഖങ്ങള്‍ റീഡറുള്‍പ്പെടെയുള്ള വെബ് 2.0 സോഫ്റ്റ്‌വെയറുകള്‍ പ്രകടിപ്പിക്കുന്ന ആന്റി-കണ്‍സ്യൂമറിസത്തിനെ പാടെ നിരാകരിക്കുന്ന ഒന്നാണെന്ന് തോന്നുന്നു. അത് വായിക്കപ്പെടുവാനുള്ള കാരണങ്ങളെ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

    ഇന്ററാക്റ്റിവിറ്റി എന്നൊരു കാര്യം റീഡറിലൂടെ നടക്കുന്നില്ലെന്ന വാദം വെറും വാദത്തിനായിട്ടുള്ളതാണെന്നും തോന്നുന്നു, ഈ പോസ്റ്റില്‍ ഞാന്‍ എത്തുന്നതും ഇവിടുത്തെ കമന്റുകള്‍ ട്രാക്ക് ചെയ്യുന്നതും റീഡറിലൂടെയാണ്. ഇപ്രകാരമുള്ള ഇന്ററാക്റ്റിവിറ്റി സ്വാഭാവികമായി തന്നെ ഒരു പ്രത്യേകപോസ്റ്റില്‍ ഒതുങ്ങി നില്‍ക്കുകയാവും. വായനക്കാരന്‍ നിശ്ചിതലക്ഷ്യത്തോടെ വന്നിരിക്കുന്നതുകൊണ്ട്, ബ്ലോഗിലെ മറ്റു കണ്ടന്റ്, അയാളെ എളുപ്പം സ്വാധീനിക്കുവാന്‍ സാധ്യതയില്ല. അതേ സമയം, ആവശ്യമുള്ളതാണെന്ന് പൂര്‍ണ്ണമായും തിട്ടപ്പെടുത്തുവാനാകാത്തവിധം അപൂര്‍ണ്ണമായി കണ്ടന്റ് പരസ്യപ്പെടുത്തി ബ്ലോഗിലെത്തിച്ചു മറ്റുവായനകളിലേയ്ക്കും ക്ലിക്കുകളിലേയ്ക്കും കൊണ്ടുചെന്നെത്തിക്കുന്ന ബ്ലോഗുകള്‍ യഥാര്‍ത്ഥത്തില്‍ കണ്‍‌സ്യൂമറിസത്തെ പ്രാവര്‍ത്തികമാക്കുകയാണോ എന്ന് ഞാന്‍ ന്യായമായും ആശങ്കപ്പെടുന്നു.

    ReplyDelete
  28. ഫീഡുകളേ വേണ്ട എന്നല്ലല്ലോ! ഫുള്‍ ഫീഡുകളേക്കാള്‍ നല്ലത് ഷോര്‍ട്ട് ഫീഡുകളാണ് എന്ന അഭിപ്രായമല്ലേ, അതും ബ്ലോഗുകളില്‍. കണ്‍സ്യൂമറിസത്തിന്റ് കാര്യം പറഞ്ഞല്ലോ. സാധനങ്ങള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റ്. ആ സൈറ്റിന്റെ ഫീഡ് റീഡറില്‍ സബ്സ്ക്രൈബ് ചെയ്യുന്നു. ഒരു വിഭാഗത്തിലുള്ള പല കമ്പനികളുടെ സാധനങ്ങള്‍, റീഡറിലെത്തുന്നു. ഞാന്‍ യോജിക്കുന്നു - ഇവിടെ ഫുള്‍ ഫീഡുകളാണ് നല്ലത്. കാരണം, ഫീഡ് വായിക്കുന്നു എന്നതുകൊണ്ട് അവിടെ സൈറ്റിന് നഷ്ടമില്ല, ഏതെങ്കിലും ഒരു കമ്പനിയുടെ സാധനം മേടിക്കുവാന്‍ അയാള്‍ക്ക് സൈറ്റിലെത്തേണ്ടി വരും. ഇനി അതിനുള്ള സൌകര്യം കൂടി വെബ് 2.0 ടെക്നോളജിയിലൂടെ വെബ്സൈറ്റിലെത്താതെ ചെയ്യുവാന്‍ കഴിഞ്ഞാലും, വില്പനയുടെ ശതമാനം ആ സൈറ്റിന് ലഭിക്കുന്നുണ്ടാവുമല്ലോ!

    പക്ഷെ, ബ്ലോഗിലെ സ്ഥിതി അതാണോ? ബ്ലോഗുകള്‍ ഒരു സര്‍വ്വീസാണ്, ബ്ലോഗ് വായിച്ചുകഴിയുമ്പോള്‍ അത് സേര്‍വ് ചെയ്യപ്പെട്ടു കഴിഞ്ഞു. പിന്നീട് ഉപയോക്താവിന് സൈറ്റിലെത്തേണ്ട കാര്യമില്ല. ഫുള്‍ ഫീഡുകള്‍ പ്രയോജനപ്പെടുത്താവുന്ന മേഖലകള്‍ നിരവധിയുണ്ടാവും, എന്നാല്‍ ഇവിടെ വിഷയം ബ്ലോഗുകളില്‍ ഫുള്‍ വേണോ ഷോര്‍ട്ട് വേണോ എന്നതല്ലേ? പിന്നെ അങ്ങിനെയൊരു പരസ്യമായി ഷെയേഡ് ലിസ്റ്റുകളെ കാണേണ്ടതില്ല. അതൊരു നിര്‍ദ്ദേശം മാത്രം. ഉദാ: സിബുവും ഞാനും സാങ്കേതികമായ കാര്യങ്ങളില്‍ തത്പരരാണെന്നിരിക്കട്ടെ. അപ്പോള്‍ സിബു ഒരു സാങ്കേതിക ലേഖനം ഷെയര്‍ ചെയ്താല്‍, എനിക്കും അത് ഇഷ്ടമാകുവാനുള്ള സാധ്യത കൂടുതലല്ലേ? അപ്പോളെനിക്ക് അങ്ങോട്ടേക്കെത്തുവാന്‍ ഒന്നു കൂടി അലോചിക്കേണ്ടതില്ല. എന്നാലിത് പരസ്യമാണോ? ഒരിക്കലുമല്ല.
    --

    ReplyDelete
  29. ഹരീ,

    ഞാന്‍ അല്പം കൂടുതല്‍ വിശദമാക്കുവാന്‍ ശ്രമിക്കാം, ചില റീയല്‍ ലൈഫ് ഉദാഹരണങ്ങള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെ. മാതൃഭൂമി പത്രം അതിന്റെ വാ‍ര്‍ത്താ ചാനല്‍ ഫീഡുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ നാനാവിധവിഷയങ്ങളിലുള്ള വാര്‍ത്തകള്‍ ഷോര്‍ട്ട്ഫീഡുകളായി പ്രസിദ്ധമാകുന്നു. ഇതില്‍ നിന്ന് ക്രിക്കറ്റ് വാര്‍ത്തകള്‍ മാത്രം തിരഞ്ഞെടുത്ത് ഞാന്‍ ഷെയര്‍ ചെയ്യുകയാണെന്നിരിക്കട്ടെ, എന്റെ ഷെയേര്‍ഡ് ലിസ്റ്റുകളിലൂടെ വായിക്കുന്ന ഒരുവന് ഫലത്തില്‍ ലഭിക്കുന്നത് മാതൃഭൂമിയില്‍ അവനു താല്പര്യമുണ്ടായേക്കാവുന്ന ഒരു വിഷയം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു എന്ന അറിവും, അതിനെ കുറിച്ചുള്ള ചില വരികളുമാണ്. മിക്കപ്പോഴും ഈ വരികള്‍ കമ്പ്യൂട്ടര്‍ ജെനറേറ്റ് ചെയ്യുന്നതും, മുഴുവന്‍ ലേഖനത്തിനെ കുറിച്ച് വലിയ ധാരണകളൊന്നും തരാത്തതുമായിരിക്കും. എന്നിരുന്നാലും ഒരു ട്രസ്റ്റഡ് സോഴ്സിനാല്‍ ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്ന മാതൃഭൂമി വാ‍ര്‍ത്തയിലേയ്ക്ക് നാവിഗേറ്റ് ചെയ്യപ്പെടുമ്പോ‍ഴാണ് മാതൃഭൂമിയില്‍ ക്രിക്കറ്റിനെ കുറിച്ച് മാത്രമല്ല കമേഴ്സ്യല്‍ സിനിമയെ കുറിച്ചും കണ്ടന്റുള്ളത് കാണുന്നത്. യഥാര്‍ത്ഥത്തില്‍ ഈ വായനക്കാരനു വായിക്കേണ്ടതായിട്ടുള്ള ഒരു വിഷയമല്ല കമേഴ്സ്യല്‍ സിനിമ എന്നിരിക്കട്ടെ, എന്നാല്‍ പോലും അത് വായിക്കപ്പെടുവാനുള്ള സാധ്യത അത് പ്രസന്റ് ചെയ്തിരിക്കുന്ന രീതിയെ അടിസ്ഥാനപ്പെടുത്തിയിരിക്കും. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍, കണ്ടന്റ് പ്രസന്റ് ചെയ്യപ്പെടുന്ന രീതിയിലാണ് കണ്‍സ്യൂമറിസത്തിനു പ്രേരകമാകുന്ന വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നത്. ഇതിനെ ഫലപ്രദമായി ചെറുക്കുവാന്‍ കഴിയാത്ത ഒരു അവസ്ഥ ഇപ്പോഴുണ്ട്, മാതൃഭൂമിയിലെ വാര്‍ത്തകള്‍ ഷെയര്‍ ചെയ്യേണ്ട എന്ന് കരുതുകയാണ്‌ ആകെയുള്ള പോംവഴി (പ്രതിരോധം എന്ന നിലയ്ക്ക് ഞാന്‍ ശീലിക്കുന്നതും അതു തന്നെയാണ്‌)

    എന്നാല്‍ ഫുള്‍ഫീഡുകള്‍ വായിക്കുന്ന ഒരാളും ഏതെങ്കിലും തരത്തിലുള്ള ഇന്ററാക്ഷനു സൈറ്റില്‍ എത്തുമ്പോള്‍ നേരത്തെ പറഞ്ഞതു പോലെ ആവശ്യമില്ലാത്ത ഒരു വായനയിലേയ്ക്ക് lure ചെയ്യപ്പെടുവാന്‍ സാധ്യതയില്ലേ? ഉണ്ട്, എന്നു തന്നെയാണ് എന്റെ ഉത്തരം, എന്നാലും ഫുള്‍ഫീഡ് വഴി എത്തുന്നവരുടെ പ്രാഥമിക ലക്ഷ്യങ്ങള്‍ ഇന്ററാക്റ്റിങ്, സമാനമായ കണ്ടന്റ് സ്വരൂപിക്കുക എന്നിങ്ങനെ ആവുന്നതുകൊണ്ട്, കണ്‍സ്യൂമറിസത്തിനു അടിമപ്പെടുന്നതിനുള്ള സാധ്യതകള്‍ കുറവാകുമെന്നു കരുതാം.

    (വായനയില്‍ കണ്‍സ്യൂമറിസം എന്ന വാക്ക് എത്രത്തോളം ഉപയോഗയുക്തമാണെന്ന് തീര്‍ച്ചയില്ല, എങ്കിലും വായിക്കേണ്ടതെന്ന് പ്രത്യക്ഷത്തില്‍ തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ വായിക്കേണ്ട ആവശ്യമൊന്നുമില്ലാത്ത കണ്ടന്റുകളെ ഞാ‍നതില്‍ ഉള്‍പ്പെടുത്തുന്നു. വായിക്കേണ്ടത് എന്ന് തോന്നിപ്പിക്കുവാന്‍ പലപ്പോഴും കേരളത്തിലെ വനിതാമാഗസിനുകള്‍ കവറുകളില്‍ വലിയ അക്ഷരത്തില്‍ പരസ്യപ്പെടുത്തുന്ന കണ്ടന്റുകള്‍ ഉദാഹരണമായേക്കും എന്ന് തോന്നുന്നു, നേരത്തെ എടുത്തെഴുതിയ ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും’ അത്തരത്തിലുള്ള ചിലതാണ്)

    ഒരു വ്യക്തി യഥാര്‍ഥത്തില്‍ വായിക്കുവാന്‍ ആഗ്രഹിക്കുന്ന കണ്ടന്റ് പ്രസന്റ് ചെയ്യുകയാണ് വെബ് 2.0 ഫിലോസഫി. എന്നിരുന്നാലും അത് സൈറ്റുകളുമായുള്ള ഇന്ററാക്ഷന്‍ കുറയ്ക്കുന്നില്ല, മിതപ്പെടുത്തുന്നു എന്ന് മാത്രം. അപ്പോഴാണ് ഗൂഗിളിന്റെ ആഡ്-സെന്‍സ് പോലുള്ളവ ഒരു social well-beingness ന്റെ gesture ആകുന്നത്.

    ഇനി ഇതിനെക്കുറിച്ചെല്ലാം ഒരു എഴുത്തുകാരന്‍ ബേജാറാകുന്നത് എന്തിനുവേണ്ടിയാണ്? പ്രത്യേകിച്ചും ഷോര്‍ട്ട് ഫീഡുകളില്‍ അയാളുടെ കണ്ടന്റ് മോഷ്ടിക്കപ്പെടുവാനുള്ള കാരണങ്ങള്‍ തുലോമാകുമ്പോള്‍, അയാളുടെ സൈറ്റിന് നാലഞ്ചു ക്ലിക്ക് കൂടുതല്‍ ലഭിക്കുവാന്‍ സാധ്യതകളുള്ളപ്പോള്‍, പേഴ്സണല്‍ എക്സ്പ്രഷന്‍സ് തിരസ്കരിക്കപ്പെടുവാനുള്ള സാധ്യതകള്‍ ഉള്ളപ്പോള്‍ എന്തിന് വായനക്കാരന്റെ പക്ഷം പിടിക്കുന്ന ഒരു ഫിലോസഫിക്കു വേണ്ടി എന്തിന് ഫുള്‍ ഫീഡുകള്‍ നല്‍കുന്നു എന്ന ചോദ്യവും പ്രസക്തമാണ്. ആത്യന്തികമായി എഴുത്തിനെ സാധൂകരിക്കുന്നത് വായനയാണ്, ഇതില്‍ വരുന്ന തുടര്‍ച്ചയായ പരാജയങ്ങള്‍ എഴുത്തിനെ തമസ്കരിക്കുന്നയിടം വരെ കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിക്കുകയാണെങ്കില്‍ നഷ്ടം എഴുത്തുകാരനു തന്നെയാണ്. ‘വായനക്കാരനു യഥാര്‍ത്ഥത്തില്‍ തന്നെ ഏറ്റവും ആവശ്യമുള്ള കണ്ടന്റ് നല്‍കി കൂടുതല്‍ മികവോടെ വായിക്കപ്പെടുകയും, അതുവഴി സര്‍വീസ് ഡിപ്പന്‍ഡന്‍സി സ്ഥാപിച്ചെടുക്കുവാന്‍ കഴിയുന്നതുമാകും ദീ‍ര്‍ഘകാലാടിസ്ഥാനത്തില്‍ വിജയിക്കുന്നത്’.

    ReplyDelete
  30. ഫുള്‍ഫീഡുവഴിയുള്ള വായനയും ഷോര്‍ട്ട് ഫീഡിലൂടെ ബ്ലോഗില്‍ പോയുള്ള വായനയും ഇക്കര്യത്തില്‍ ഒരു പോലെയാണല്ലോ.

    ഫുള്‍ഫീഡില്‍ തലക്കെട്ടില്‍ ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും' കാണുന്നു ക്ലിക്ക് ചെയ്ത്‌ തുറക്കുന്നു. ഒന്നോരണ്ടോ ഖണ്ഡിക വായിക്കുന്നു. ഒരു പരസ്യം മനസ്സില്‍ പതിച്ചുകഴിഞ്ഞു.

    ഷോര്‍ട്ട്ഫീഡില്‍ തലക്കെട്ടില്‍ ‘ലൈംഗികതയും പൂന്തോട്ടപരിപാലനവും' കാണുന്നു. ക്ലിക്ക് ചെയ്ത് തുറന്ന്‌ സമ്മറി വായിക്കുന്നു. ഇപ്പോഴും വായിക്കാന്‍ താല്പര്യമുള്ളതെന്ന്‌ തോന്നുന്നെങ്കില്‍ ഒന്നുകൂടി ക്ലിക്ക് ചെയ്ത്‌ പോസ്റ്റിലെത്തുന്നു. രണ്ട് ഖണ്ഡികവായിക്കുന്നു. പരസ്യം മനസ്സിലെയ്കെത്തിക്കഴിഞ്ഞു.

    സത്യത്തില്‍ രണ്ടാമത്തെ (ഷോര്‍ട്ട്ഫീഡിന്റെ) സിറ്റുവേഷനിലാണ് ഉള്ളടക്കത്തിലെ പരസ്യങ്ങള്‍ക്കെതിരെ കുറച്ചുകൂടി കോഷ്യസാവാന്‍ സാധിക്കുന്നത്‌ എന്നെന്റെപക്ഷം. കാരണം സമ്മറികൂടി വായിച്ച് ഉള്ളടക്കത്തെ പറ്റി ഒരല്പം കൂടി ധാരണ ലഭിച്ചതിന് ശേഷം മാത്രമേ വായന പുരോഗമിക്കുന്നുള്ളൂ. ആദ്യത്തെ കേസില്‍ തലക്കെട്ട് ഇഷ്ടപ്പെട്ടാല്‍ തന്നെ വായനപുരോഗമിക്കുന്നു. ഷോര്‍ട്ട്ഫീഡുകളുടെ 3 സ്റ്റെപ് പ്രോസസ് ആവും ഫുള്‍ഫീഡുകളുടെ 2 സ്റ്റെപ് പ്രോസസിനേക്കാള്‍ അഭികാമ്യം. അതായത്‌, ‘തലക്കെട്ട് > ചുരുക്കം > ലേഖനം മുഴുവന്‍‘ എന്നതാവും ‘തലക്കെട്ട് > ലേഖനം മുഴുവന്‍‘ എന്നതിനേക്കാള്‍ പരസ്യങ്ങളെ ചെറുക്കാന്‍ നല്ലത്‌.

    ഇനി ബ്ലോഗിലെത്തുമ്പോള്‍ കാണുന്ന മറ്റു ലിങ്കുകളെ പറ്റി... സ്വന്തം ബ്ലോഗിലിടുന്നത്‌ എപ്രകാരം തന്റെ വായനക്കാരെ സ്വാധീനിക്കും, അതിനുവേണ്ടി എന്തു് അവിടെയിടണം, എന്തിടേണ്ട എന്ന്‌ തീരുമാനിക്കാനുള്ള അധികാരവും ഉത്തരവാദിത്വവും എഴുത്തുകാരന്റേതാണ്. അത്‌ സിസ്റ്റം ഓണര്‍ ചെയ്തേ മതിയാവൂ - വെബ് 2.0 ഓ 3.0 ഓ ആയാലും. അതുതന്നെയാണ് സെല്‍ഫ് എക്പ്രഷന്‍ കൊണ്ടുദ്ദേശിക്കുന്നത്‌.

    എന്റെ മനസ്സില്‍ ഈ ‘mega scheme of things'ല്‍ കാര്യങ്ങള്‍ ഇങ്ങനെ പറയാം: താന്‍ എഴുതുന്നതിന്റെ പരമാധികാരം എഴുത്തുകാരനില്‍; സെലക്ഷന്റെ പരമാധികാരം വായനക്കാരന്‌.

    സെലക്ഷനിലുള്ള പരമാധികാരം വായനാലിസ്റ്റുകളിലൂടെ സാധിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ് എഴുത്തുകാരന്റെ പരമാധികാരവും. എഴുത്തുകാരനില്‍ നിന്നും പരസ്യങ്ങളിടാനുള്ള, പ്രസന്റേഷന്‍ കാണിക്കാനുള്ള അവസരം നിഷേധിക്കുന്നതിലൂടെ എഴുത്തുകാരന്റെ പരമാധികാരത്തിന് വീഴ്ചസംഭവിക്കുന്നു. തന്റെ കായികം പേജില്‍ ഗൂഗിള്‍ പരസ്യങ്ങള്‍ വേണമോ, സിനിമയിലേക്കുള്ള ലിങ്ക്‌ വേണമോ എന്നൊക്കെ തീരുമാനിക്കുന്നത്‌ എഴുത്തുകാരനാണ്. അതുകൊണ്ടുണ്ടാകുന്ന ഗുണത്തിനും ദോഷത്തിനും എഴുത്തുകാരന്‍ ഉത്തരവാദിയാണ്. ആ ഉത്തരവാദിത്വവും അധികാരവും എഴുത്തുകാരന്‍ വിനിയോഗിക്കുക തന്നെ വേണം.

    ഫീഡിലും എഴുത്തുകാന്‍ തന്റെ അധികാരം ഉറപ്പിക്കുന്നതാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. ഫീഡ്ബര്‍ണര്‍ ഉദാഹരണം.

    ഇനി ഫീഡുവഴിയുള്ള വായനയില്‍ പെരിങ്ങോടന്‍ ഉന്നയിക്കുന്ന ഈ പ്രശ്നം തന്നെ വളരെ പരിമിതമായേ സംഭവിക്കൂ. കാരണം, ഓരോരുത്തര്‍ക്കും ഒരു ട്രസ്റ്റ് നെറ്റ്വര്‍ക്ക് ഉണ്ട്‌. ആ ട്രസ്റ്റ് നെറ്റ്വര്‍ക്കിലുള്ളവരുടെ ഫീഡുകളാണ് ഫീഡ്‌വായനക്കാരന്‍ സബ്സ്ക്രൈബ് ചെയ്യുന്നത്‌. കൂട്ടുകാരും, ബി.ബി.സിയും ഒക്കെ ഈ ട്രസ്റ്റ് നെറ്റ്വര്‍ക്കില്‍ വരും. ഫീഡ് സബ്സ്ക്രൈബ് ചെയ്യുക എന്നത്‌ ആ എഴുത്തുകാരനും (കണ്ടന്റ് പ്രൊവൈഡര്‍) ആയി ലോംഗ് ടേം റിലേഷന്‍ഷിപ് ഉണ്ടാക്കുക എന്നതുമാണ്. ‘പറയൂ; എനിക്ക്‌ കേള്‍ക്കാന്‍ താത്പര്യമുണ്ട്’ എന്ന്‌ പറയുന്നപോലെ. ട്രസ്റ്റ് ചെയ്യപ്പെടാത്ത ഒരു ഫീഡ് സബ്സ്ക്രൈബ് ചെയ്യുന്നത്` മണ്ടത്തരമാണ്. ട്രസ്റ്റ് ചെയ്യപ്പെടുന്ന ഒരു ഫീഡിലൂടെ പോയിക്കണ്ട നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത പരസ്യം നിങ്ങളുടെ ബന്ധത്തിന്റെ ‘ചെറുതകര്‍ച്ചയാണ്‘. അവിടെ ഫീഡുകള്‍ക്ക് ഒന്നും ചെയ്യാനില്ല.

    തീര്‍ച്ചയായും ഫീഡില്‍ എഴുത്തുകാരന്‍ ഓഫര്‍ ചെയ്യുന്ന ഒരു കോമ്പിനേഷനും 100% ഒരു വായനക്കാരനെ തൃപ്തിപ്പെടുത്തില്ല. തനിക്ക്‌ സ്വീകാര്യമാണ്/അല്ല എന്ന വിധിപ്രസ്താവിക്കേണ്ടത്‌ ഒരു വായനക്കാരന്റെ അധികാരവുമാണ്. അതനുസരിച്ച്‌ അവന്‍ ആ ബ്ലോഗിന്റെ ഫീഡ് സബ്സ്ക്രൈബ് ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ഇനി അവിടെയ്ക്കില്ലെന്ന് തീരുമാനിക്കുകയോ ചെയ്യും.

    ഭാവിയില്‍ പ്രസന്റേഷനും അപ്ഡേഷനും അനുവദിക്കുന്ന RSS ഫീഡുകളെത്തിയേക്കാം. അന്ന്‌ തീര്‍ച്ചയായും ഫീഡുകള്‍ തന്നെയാവും മുഖ്യ കണ്ടന്റ് വിതരണമാര്‍ഗ്ഗം.

    ReplyDelete
  31. വിശ്വം, കമന്റുകളുടെ കാര്യത്തില്‍ എഴുത്തുകാരനും സൂക്ഷിപ്പുകാരനും രണ്ടുപേരാണല്ലോ. അതുകൊണ്ടാണ് കമന്റുകള്‍ രണ്ടാംതരം പൌരന്മാരാണെന്ന്‌ ഞാന്‍ മുമ്പ്‌ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. സ്വന്തം കാര്യം നോക്കാന്‍ കെല്പില്ലാത്തവര്‍.

    പ്രകടിപ്പിക്കുന്നത്‌ എഴുതിയ ആളുടെ അഭിപ്രായമാണെങ്കിലും ഉത്തരവാദിത്വം മുഴുവന്‍ ബ്ലോഗുടമസ്ഥന്റെ കയ്യിലാണ്. അതുകൊണ്ട്‌ തന്നെ, കമന്റില്‍ സെല്‍ഫ് എക്സ്പ്രഷന് പൂര്‍ണ്ണതയില്ല. സ്വന്തം അഭിപ്രായം താന്‍പോരിമയോടെ പറയണമെങ്കില്‍ അത്‌ സ്വന്തം ബ്ലോഗിലാവുന്നതാണ് അഭികാമ്യം.

    കമന്റു് ഫീഡുകളുടെ കാര്യത്തില്‍ രണ്ട് രീതിയാലും കൊള്ളാം എന്ന അഭിപ്രായമേ എനിക്കുള്ളൂ. രണ്ടുവരി കമന്റിനുവേണ്ടി ബ്ലോഗിലെത്താന്‍ ആളുകള്‍ മടിച്ചെന്ന്‌ വരാം. അതുകൊണ്ട്‌ ഫുള്‍ഫീഡാവും സൌകര്യം‌. എന്നാല്‍ ഒരാള്‍ ഡിലീറ്റ് ചെയ്തകമന്റ് താന്‍ കാരണം പിന്നേയും നെറ്റിലോടി നടക്കുന്നത്‌ ശരിയല്ല എന്ന്‌ തോന്നുണ്ടെങ്കില്‍ ബ്ലോഗുടമസ്ഥന് വേണമെങ്കില്‍ അവിടേയും ഷോര്‍ട്ട് ഫീഡിടാം.

    ഹരീ, പോളുകള്‍ മാനിപ്പുലേറ്റഡ് ആവുന്നു എന്ന്‌ അറിവുകിട്ടിയതിനാല്‍ ഒഴിവാക്കുന്നു. ഇവിടെ വന്ന്‌ ഓരോരുത്തരും പറഞ്ഞ അഭിപ്രായങ്ങള്‍ തന്നെ നല്ല ഇന്‍ഡിക്കേഷന്‍...

    ReplyDelete
  32. മുഴുവന്‍ ഫീഡുകള്‍ ഗൂഗിള്‍ റീഡറില്‍ ഓഫ്‌ ലൈനിലും വായിക്കാന്‍ കഴിയും. എന്നാല്‍ ഒരാളെഴുതുന്ന പോസ്റ്റ്‌ നല്ലതാണോ ചീത്തയാണോ എന്നൊക്കെ ഒരൂ പരിധിവരെ വെളിപ്പെടുന്നത്‌ അതിലെ സന്ദര്‍ശകരുറ്റെ എണ്ണമാണ്. സൈറ്റില്‍ വരാതെ റീഡറിലൂറ്റെ മുഴുവന്‍ പോസ്റ്റും പലരും വായിച്ചാല്‍ ബ്ലോഗര്‍ക്ക്‌ സ്സന്ദര്‍ശകരുടെ എണ്ണമോ അവശ്യ കമെന്റുകളോ കിട്ടാതായാല്‍ നിരാശയും അത്‌ ചിലപ്പ്പോള്‍ ഉപകാരപ്രദമായ ഒരു ബ്ലോഗ്‌ തന്നെ നീകം ചെയ്യപ്പെടുവാനും സാധ്യതയുണ്ട്‌. അതിനാല്‍ സമ്മറിയാണ് ഉചിതമെന്നാണ് എന്റെ അഭിപ്രായം. ഞാന്‍ മുഴുവന്‍ പോസ്റ്റും കമെന്റുകളും വായിച്ചിട്ടില്ല.

    ReplyDelete